KSDLIVENEWS

Real news for everyone

ഇംഗ്ലണ്ടിനെയും തകര്‍ത്തു; തോല്‍വിയറിയാതെ ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റം, ബ്രൂക്കിന്റെ പോരാട്ടം വിഫലം

SHARE THIS ON

സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ എട്ടില്‍ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യത സജീവമാക്കി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്.

തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ ചുമലിലേറ്റിയ ഹാരി ബ്രൂക്കിനെ അവസാന ഓവറില്‍ ആന്റിച്ച് നോര്‍ക്യ മടക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ സാം കറന് ആറു റണ്‍സ് മാത്രമേ നേടാനായുള്ളൂ. 37 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 53 റണ്‍സെടുക്ക ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന്റേത് മോശം തുടക്കമായിരുന്നു. ഫില്‍ സാള്‍ട്ടാണ് ആദ്യം പുറത്തായത്. എട്ടു പന്തില്‍ നിന്ന് 11 റണ്‍സെടുത്ത വെടിക്കെട്ട് താരത്തെ രണ്ടാം ഓവറില്‍ തന്നെ കാഗിസോ റബാദ മടക്കി. പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറും ജോണി ബെയര്‍സ്‌റ്റോയും തീര്‍ത്തും പരാജയപ്പെട്ടു. 20 പന്തില്‍ നിന്ന് 16 റണ്‍സുമായി ബെയര്‍‌സ്റ്റോയും 20 പന്തില്‍ 17 റണ്‍സുമായി ബട്ട്‌ലറും പിന്നാലെ 10 പന്തില്‍ ഒമ്പത് റണ്‍സുമായി മോയിന്‍ അലിയും പുറത്തായതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ പിടിമുറുക്കി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹാരി ബ്രൂക്ക് – ലിയാം ലിവിങ്സ്റ്റണ്‍ സഖ്യം പ്രോട്ടീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 78 റണ്‍സ് ചേര്‍ത്ത ഈ സഖ്യം ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെയെത്തിച്ചു. ഒട്ട്‌നെയ്ല്‍ ബാര്‍ട്ട്മാനെറിഞ്ഞ 17-ാം ഓവറില്‍ 21 റണ്‍സടിച്ച ഈ സഖ്യം ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. എന്നാല്‍ 17 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 33 റണ്‍സെടുത്ത ലിവിങ്‌സ്റ്റണെ 18-ാം ഓവറില്‍ പുറത്താക്കുകയും വെറും നാല് റണ്‍സ് മാത്രം വഴങ്ങുകയും ചെയ്ത റബാദ മത്സരത്തെ വീണ്ടും ആവേശകരമാക്കി. പിന്നാലെ അവസാന ഓവറില്‍ ബ്രൂക്കും മടങ്ങിയതോടെ ഇംഗ്ലണ്ട് മത്സരം കൈവിടുകയായിരുന്നു. സാം കറന്‍ 10 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്‌സിനെ കാഴ്ചക്കാരനാക്കി അടിച്ചുതകര്‍ത്ത ഡിക്കോക്ക് പ്രോട്ടീസിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന റീസ 25 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ 59 പന്തില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

പിന്നാലെ 38 പന്തില്‍ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 65 റണ്‍സെടുത്ത ഡിക്കോക്കിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നാലെ ടി20 സ്‌പെഷ്യലിസ്റ്റ് ഹെയ്ന്‍ റിച്ച് ക്ലാസന്‍ (13 പന്തില്‍ 8) റണ്ണൗട്ടായതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.


തുടര്‍ന്ന് 28 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ ഇന്നിങ്‌സാണ് പ്രോട്ടീസ് സ്‌കോര്‍ 150 കടത്തിയത്. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും (1) നിരാശപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ റണ്ണൊഴുക്ക് നിലച്ചു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!