കടലിലെ ഒഴുകുന്ന നഗരം: 20 നിലകള്‍, ടൈറ്റാനിക്കിനെയും കടത്തിവെട്ടിയ ഏറ്റവും വലിയ ക്രൂസ് കപ്പല്‍ “ഐക്കണ്‍ ഓഫ് ദ സീസ്”
കടലിലെ അത്ഭുതമെന്നോ ജലത്തിലെ കൊട്ടാരമെന്നോ പറഞ്ഞാല്‍ പോരാ.. ഒഴുകി നടക്കുന്ന ഒരു നഗരം.. അതിലില്ലാത്തതൊന്നുമില്ല.
ഏറ്റവും മുന്തിയ ഭക്ഷണം മുതല്‍ മുതല്‍ ആധുനിക സൗകര്യങ്ങളും കൊടുങ്കാറ്റിനേക്കാള്‍ ശക്തിയില്‍ വീശുന്ന കാറ്റുള്ള വാട്ടര്‍പാര്‍ക്കും വരെ.. എന്താണ് സംഭവമെന്നല്ലേ… സംഗതി ഒരു ക്രൂസ് കപ്പലാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പല്‍ എന്ന ബഹുമതിയുമായി നീറ്റിലിറങ്ങുലാൻ കാത്തിരിക്കുന്ന ഐക്കണ്‍ ഓഫ് ദ സീസ്.
ടൈറ്റാനിക് കപ്പലിനേക്കാള്‍ അഞ്ചിരട്ടി വലുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ഐക്കണ്‍ ഓഫ് ദ സീസിന്റെ ഉടമസ്ഥര്‍ റോയല്‍ കരീബിയൻ ആണ്. 250,800 ടണ്‍ ഭാരമുള്ള ഈ പടുകൂറ്റൻ ക്രൂസ് കപ്പല്‍ ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ കപ്പല്‍ കൂടിയാണ്. 7000 ല്‍ അധികം ആളുകളെ ഉള്‍ക്കൊള്ളുവാൻ സാധിക്കുന്ന ഈ കപ്പലിന് 365 മീറ്റര്‍ നീളവും 20 ഡെക്കുകളുമുണ്ട്. കടലിലെ തന്നെ ഏറ്റവും വലിയ സ്വിമ്മിങ് പൂളും വാട്ടര്‍പാര്‍ക്കും ഇതിലുണ്ടത്രെ. 46,329 ടണ്‍ ആയിരുന്നു 1912 ല്‍ യാത്ര നടത്തിയ ടൈറ്റാനിക്കിന്റെ ഭാരം.
2024 ജനുവരിയില്‍ ആദ്യ യാത്രയ്ക്കൊരുങ്ങുന്ന ഐക്കണ്‍ ഓഫ് ദ സീസ് ഫിൻലൻഡിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജൂണില്‍ ആദ്യ പരീക്ഷണ യാത്ര പൂര്‍ത്തിയാക്കിയ കപ്പല്‍ വാര്‍ത്തകളിലിടം നേടിയതു മുതല്‍ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. അമ്ബരപ്പിക്കുന്ന സൗകര്യങ്ങള്‍ വേറെയും ഇതിലുണ്ട്.
20 നിലകളും കപ്പലിലെ വെള്ളച്ചാട്ടവും പറഞ്ഞു തുടങ്ങിയാല്‍ തീരാത്തത്രയും വിശേഷങ്ങള്‍ ഈ കപ്പലിനുണ്ട്. ആകെ ഉള്ള 20 നിലകളില്‍ രണ്ടെണ്ണം മാത്രമാണ് കപ്ലിലെ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്. ബാക്കി 18 നിലകളും കപ്പലിലെ യാത്രക്കാര്‍ക്കും അവരുടെ സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. 5,610 യാത്രക്കാരെ വഹിക്കാനാള്ള ശേഷി കപ്പലിനുണ്ട്. ക്രൂസ് ലൈൻ അസോസിയേഷന്റെ കണക്കനുസരിച്ച് 2023 മുതല്‍ വരുന്ന 2028 വരെ പുറത്തിറങ്ങുന്ന യാത്രാ കപ്പലുകള്‍ക്ക് ശരാശരി 2,749 യാത്രക്കാരെ മാത്രം വഹിക്കാനുള്ള ശേഷിയാണുള്ളതെന്നറിയുമ്ബോഴാണ് ഐക്കണ്‍ ഓഫ് ദ സീസ് വീണ്ടും അത്ഭുതമാകുന്നത്.
കപ്പലിലെ വാട്ടര്‍ പാര്‍ക്ക്
കടലിലെ ഏറ്റവം വലിയ വാട്ടര്‍ പാര്‍ക്കും ഈ കപ്പലില്‍ തന്നെയാണ്. കാറ്റഗറി 6 എന്നാണ് ഇതിനെ വിളിക്കുന്നത്. കാറ്റഗറി അഞ്ച് എന്നത് കൊടുങ്കാറ്റിന്റെ ശക്തിയെ സൂചിപ്പിക്കുന്നതാണ്. ഇത് നല്കുന്ന സൂചനയനുസരിച്ച് കൊടുങ്കാറ്റിനേക്കാള്‍ ശക്തിയുള്ള വാട്ടര്‍പാര്‍ക്കാണ് കപ്പലിലുള്ളതെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍- ഫ്രീ ഫാള്‍ സ്ലൈഡ്, 46 ഫൂട്ട് ഡ്രോപ് സ്ലൈഡ്, ഫാമിലി റാഫ്റ്റ് സ്ലൈഡ്, മാറ്റ് റേസിങ് സ്ലൈഡ് എന്നിങ്ങനെ യാത്രക്കാരെ ആവേശത്തിലാക്കാൻ വേണ്ടതെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ആഢംബര കപ്പലുകളില്‍ ഒന്നോ രണ്ടോ വാട്ടര്‍ സ്ലൈഡുകള്‍ കാണുമെന്നല്ലാതെ വാട്ടര്‍പാര്‍ക്ക് ഉണ്ടാകാറില്ല.
നൈറ്റ് ലൈഫും ബാറും പിന്നെ…
ഭക്ഷണത്തിന്റെ കാര്യത്തിലും രുചിയുടെ കാര്യത്തിലും ഒരു കുറവും റോയല്‍ കരീബിയൻ ഐക്കണ്‍ ഓഫ് സീസില്‍ വരുത്തിയിട്ടില്ല. ഭക്ഷണം കഴിക്കാനും കുടിക്കാനും ആഹ്ലാദിക്കുവാനുമായി 40 ഇടങ്ങളാണ് കപ്പലിലങ്ങോളമിങ്ങോളം ഒരുക്കിയിട്ടുള്ളത്. ഇതില്‍ത്തന്നെ 15 ബാറുകളും 20 ഡൈനിങ് ഓപ്ഷനുകളും ഉള്‍പ്പെടുന്നു.
ബുഫെ, സ്റ്റീക്ക് ഹൗസ്, സ്ട്രീറ്റ് ഫൂഡ്, ദിവസം മുഴുവനും ലഭിക്കുന്ന ബ്രഞ്ച്, സൂഷി എന്നിങ്ങനെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന ഭക്ഷണവും കപ്പലില്‍ ലഭ്യമാക്കും.
ഇത് കൂടാതെ വലിയൊരു സെൻട്രല്‍ പാര്‍ക്കും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാൻ വേദി, കുട്ടികള്‍ക്കായുള്ള പ്രത്യേകം ഇടങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം.