ഇനി ആശ്വാസപാത!; നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം താൽക്കാലികമായി തുറന്നു

1996 മുതൽ ക്യാംപെയ്നുമായി നിരവധി പത്രങ്ങൾ, കുരുക്കിട്ട പാത’യിലെ അവസാന കുരുക്കും അഴിഞ്ഞു. ദേശീയപാത 66ൽ കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെ ഇനി തടസ്സങ്ങളില്ലാതെ കുതിക്കാം. താൽക്കാലികമായെങ്കിലും പള്ളിക്കര റെയിൽവേ മേൽപാലം തുറന്നതോടെ, റെയിൽപാതയ്ക്കു മുകളിൽ ദേശീയപാതയിലെ നാലുവരി മേൽപാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിച്ചു തുടങ്ങി. ഒരുദിവസം അൻപതോളം ട്രെയിനുകൾ കടന്നുപോകാനായി പള്ളിക്കര റെയിൽവേ ഗേറ്റ് അടച്ചിട്ടിരുന്നത് 6 മണിക്കൂറോളമാണ്. ആംബുലൻസുകളും അവശ്യകാര്യങ്ങൾക്കു പോയിരുന്ന യാത്രക്കാരും റെയിൽവേ ക്രോസിൽ കുടുങ്ങിയതിനു കണക്കില്ല. ഗേറ്റ് അടയ്ക്കും മുൻപു കടന്നുപോകാനുള്ള ശ്രമത്തിനിടെ വാഹനങ്ങൾ റെയിൽവേ ഗേറ്റിൽ ഇടിച്ച് അപകടമുണ്ടായ സംഭവങ്ങളും ഒട്ടേറെ. യാത്രക്കാർക്കും ഇനി ആശ്വാസമാണ്. പണി കഴിഞ്ഞ മേൽപാലം നോക്കി നെടുവീർപ്പിട്ട നാളുകൾക്കു വിട.

