നേരം കഴിക്കുന്നത് 10 കിലോ വരെ; ലൈവ് സ്ട്രീമിങ്ങിനിടെ ഫുഡ് വ്ളോഗർക്ക് ദാരുണാന്ത്യം
പല തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ മലയാളികളുള്‍പ്പെടെയുള്ള ഫുഡ് വ്‌ളോഗേഴ്‌സ് നടത്താറുണ്ട്. ഈറ്റിങ് ചലഞ്ചിന്‍റെ ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് വ്ളോഗർ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.
പത്ത് മണിക്കൂറിലേറെ സമയം ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ഒരുനേരം 10 കിലോ ഭക്ഷണംവരെ പാന്‍ കഴിക്കാറുണ്ടെന്ന് ചൈനീസ് പ്രാദേശിക മാധ്യമമായ ക്രിഡേഴ്‌സ് പറയുന്നു. പാനിന്‍റെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണവും കുടലിന്റെ ആകൃതി സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.
മുക്ബാങ് വ്‌ളോഗറാണ് പാന്‍. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവ് ബ്രോഡ്കാസ്റ്റിലൂടെ കാണികളിലേക്ക് എത്തിക്കുന്ന ട്രെന്‍ഡാണ് മുക്ബാങ്. മുക്ബാങ് ഉയർത്തുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ചൈനയില്‍ ഇത് നിയമവിരുദ്ധമാക്കിയിട്ടുണ്ട്. ലോകമെമ്പാടും മുക്ബാങ് ട്രെന്‍ഡിനെ വിമര്‍ശിച്ചുകൊണ്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.
മാതാപിതാക്കളും സുഹൃത്തുക്കളും അനാരോഗ്യകരമായ ഭക്ഷണരീതി ഉപേക്ഷിക്കാന്‍ പറഞ്ഞെങ്കിലും പാന്‍ അതൊന്നും വകവെച്ചിരുന്നില്ല. അമിതമായ ഭക്ഷണം കഴിച്ചതിലൂടെ ഇതിനുമുമ്പും പാൻ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്.
അനാരോഗ്യകരമായി ഭക്ഷണം കഴിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഇത്തരത്തിലുള്ള ചലഞ്ചുകളെ പറ്റിയുമുള്ള ചര്‍ച്ചകള്‍ക്കും സംഭവം വഴിതെളിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവേഴ്‌സിനേയും സബ്‌സ്‌ക്രൈബേഴ്‌സിനേയും നേടുന്നതിനായി സ്വന്തം ആരോഗ്യം ബലിയാടാക്കുന്നവര്‍ക്ക് താക്കീതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.