KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ ആശുപത്രികള്‍ നിറഞ്ഞു

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കകള്‍ക്കു ക്ഷാമം നേരിടുന്നു പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികള്‍ നിറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തുന്നു.

പാലക്കാടു ജില്ലയില്‍ ഐസിയു, വെന്റിലേറ്റര്‍ ഒഴിവില്ല. ജില്ലാ കോവിഡ് ആശുപത്രിയില്‍ ആകെയുള്ളത് 53 വെന്റിലേറ്ററുകളാണ്. അതില്‍ 50 ലും കോവിഡ് ബാധിതര്‍ ഉണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ജില്ലയില്‍ ഉയരുന്നു.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2 മാസമായി എല്ലാ ഐസിയു കിടക്കകളും നിറഞ്ഞിരിക്കയാണ്. വെന്റിലേറ്ററുകളും ഒഴിവില്ല. പിവിഎസ് ആശുപത്രിയിലെയും സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ പൂട്ടിയതോടെയാണ് മെഡിക്കല്‍ കോളജില്‍ ബെഡുകള്‍ നിറഞ്ഞത്. ആലുവ ജില്ലാ ആശുപത്രിയിലെ കോവി‍ഡ് കേന്ദ്രത്തിലും കിടക്കയും വെന്റിലേറ്ററും ഒഴിവില്ല.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും വെന്റിലേറ്റര്‍, ഐസിയു, വാര്‍ഡ് എന്നിവയില്‍ ഒഴിവില്ല. റഫറല്‍ ലെറ്റര്‍ ഉണ്ടെങ്കില്‍ മാത്രമാണ് ചില ആശുപത്രികളില്‍ പ്രവേശനം. മറ്റ് ചില സ്ഥലങ്ങളില്‍ അതുമില്ല. കിടക്ക ഒഴിയുന്നതു വരെ കാത്തിരിക്കാനാണു നിര്‍ദേശം.

എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം 30 ശതമാനത്തില്‍ താഴെ മാത്രം. പത്തനംതിട്ട ജില്ലയില്‍ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!