KSDLIVENEWS

Real news for everyone

ഇവിടം മനോഹരം, പക്ഷേ എത്തിപ്പെടൽ ദുർഘടമാണ്; ഗതാഗത സൗകര്യങ്ങളില്ലാതെ ബാവിക്കര പദ്ധതി പ്രദേശം

SHARE THIS ON

മുളിയാർ : ബാവിക്കര ശുദ്ധജല പദ്ധതിപ്രദേശം സഞ്ചാരികൾക്ക് നൽകുന്നത് മനോഹര കാഴ്ചയാണ്. ജില്ലയിലെ ഗ്രാമീണ ടൂറിസം പദ്ധതി വികസനത്തിന് ബാവിക്കര റെഗുലേറ്റർ ശുദ്ധജല പദ്ധതി പ്രദേശം നൽകുന്നത് അനന്ത സാധ്യതകളാണ്. എന്നാൽ, റോഡുകളുടെ ശോച്യാവസ്ഥ ഇവിടേക്ക് എത്തിപ്പെടാനുള്ള സാധ്യതക്ക് മങ്ങലേൽപ്പിക്കുകയാണ്.

കാസർകോട് ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് ബാവിക്കര റെഗുലേറ്റർ പദ്ധതി. ഇവിടെ ശുദ്ധവെള്ളം ഒഴുകിപോകുന്ന മനോഹര കാഴ്ചയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ നിരവധി ടൂറിസ്റ്റുകൾ ദിവസേന എത്തുന്നുണ്ട്. ബാവിക്കര അരവനപ്പടി പാലത്തിന്‍റെ പണി പൂർത്തിയാകുന്നതോടെ മലയോര മേഖലയിലുള്ളവർക്കും എളുപ്പത്തിൽ ഇവിടത്തേക്ക് എത്താനാകും. റഗുലേറ്റർ നിലകൊള്ളുന്ന പയസ്വിനി പുഴക്ക് പാലം നിർമിക്കുകയാണെങ്കിൽ യാത്ര ദൂരം ചുരുങ്ങി കിട്ടുകയും ചട്ടഞ്ചാലിലൂടെ ബോവിക്കാനം വഴി യാത്ര ചെയ്യുന്നവർക്ക് പത്തോളം കിലോമീറ്ററുകൾ ലാഭിക്കുകയും ചെയ്യാം.

പയസ്വിനി, കരിച്ചേരി, പുഴകൾ സംഗമിച്ച് ചന്ദ്രിഗിരി പുഴയായി ഒഴുകുന്ന ആലൂരിലാണ് ബാവിക്കര റഗുലേറ്റർ ഉള്ളത്. ബാവിക്കര റഗുലേറ്റർ ടൂറിസം പദ്ധതിക്ക് കേരള സർക്കാറിന്‍റെ 4.91 കോടി രൂപയുടെ അനുമതി ലഭിച്ചു ടെൻഡർ കഴിഞ്ഞു. പ്രവർത്തനോദ്ഘാടനത്തിനായി കാത്തിരിക്കുകയാണിപ്പോൾ. പ്രദേശം ഗ്രാമീണ ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നതോടെ സന്ദർശകരുടെ എണ്ണവൂം വർധിക്കും. നിരവധി ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തുകൂടി ഒരു ബസ് പോലും ഇതുവരെ സർവിസ് നടത്തിയിട്ടില്ല. ഇത് ടൂറിസ്റ്റുകൾ എത്തുന്നതിന് പ്രധാന തടസ്സമാണ്.

ഉദുമ മണ്ഡലത്തിലെ ഇരിയണ്ണി – ബേവിഞ്ച എം.എൽ.എ റോഡ് ബാവിക്കര പദ്ധതിയുടെ സമീപത്തൂടെയാണ് കടന്നുപോകുന്നത്. നിർമിച്ചത് മുതൽ ഇതുവരെയായും റോഡിന്‍റെ അറ്ററകുറ്റപ്പണികൾപോലും ചെയ്യാത്തതിനാൽ റോഡിന്‍റെ അവസ്ഥ ശോചനീയമാണ്. ആലൂരിലെ ബാവിക്കര പദ്ധതി മുതൽ മുണ്ടക്കൈലൂടെ ബേവിഞ്ച കല്ലുവള വഴി പോകുന്ന റോഡിന് വീതിയും കുറവാണ്.

റോഡിന്‍റെ അറ്റക്കുറ്റപണി നടത്തി കെ.എസ്.ആർ.ടി.സി ബസോ സ്വകാര്യ ബസോ സർവിസ് ആരംഭിക്കണമെന്ന് പൊതുപ്രവർത്തകൻ ആലൂർ ടി.എ. മഹമൂദ് ഹാജി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഗതാഗത- പൊതുമരാമത്ത് മന്ത്രിമാർ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!