KSDLIVENEWS

Real news for everyone

ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം: ബിൽ പാസാക്കി; പരസ്യത്തിൽ സെലിബ്രിറ്റികൾ അഭിനയിക്കുന്നതിനും വിലക്ക്

SHARE THIS ON

ന്യൂഡൽഹി: ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭ ബിൽ പാസാക്കി. ലോക്സഭയിൽ നേരത്തെ ബിൽ പാസായിരുന്നു. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയ്മിങ് ബിൽ. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു.

പണം വച്ചുള്ള ഗെയ്മിങ് ലഹരിപോലെ ആളുകളെ അടിമയാക്കുന്നതാണെന്ന് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ‘‘പണം വച്ചുള്ള ഗെയ്മിങ് ആപ്പുകൾക്ക് പിന്നിലുള്ള സ്വാധീനമുള്ള വ്യക്തികൾ ബില്ലിനെതിരെ കോടതിയെ സമീപിക്കും. ഈ നിരോധനത്തിനെതിരെ അവർ സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നുകൾ തുടങ്ങും. ഇത്തരം ഗെയിമുകളുടെ പ്രത്യാഘാതങ്ങളും ഈ പണം എങ്ങനെയാണ് ഭീകരവാദത്തെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്നതെന്നും നമ്മൾ കണ്ടതാണ്’’–മന്ത്രി പറഞ്ഞു.

ഓൺലൈൻ ഗെയ്മുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി. ഓൺലൈൻ വാതുവയ്പ്പുകൾക്കും ശിക്ഷയും പിഴയും ഏർപ്പെടുത്തും. സെലിബ്രിറ്റികൾ ഗെയ്മിങ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതും ബില്ലിൽ നിരോധിച്ചിട്ടുണ്ട്. ആപ്പുകൾ പരസ്യം ചെയ്താൽ രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ‌. കുറ്റം ആവർത്തിച്ചാൽ മൂന്നു മുതൽ 5 വർഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. 

ഇന്ത്യയിൽ ബാധിക്കുക ഈ ആപ്ലിക്കേഷനുകളെ

കോടിക്കണക്കിന് രൂപയാണ് ഓൺലൈൻ ഗെയ്മിങ് പ്ലാറ്റ്ഫോമുകളുടെ പേരിൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കപ്പെടുന്നത്. ബിൽ നിയമമാകുന്നതോടെ ഒട്ടേറെ ഗെയ്മിങ് ആപ്ലിക്കേഷനുകൾ ലഭ്യമല്ലാതെയാകും.

∙ ഡ്രീം11: ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഗെയ്മിങ് ആപ്പാണ്. വെർച്വൽ ടീമുകളെ സൃഷ്ടിച്ച് ഓൺലൈനായി ഗെയിം കളിക്കുന്നതിനും പണം ലഭിക്കുന്നതിനും ഉപയോക്താക്കൾ പണമടയ്ക്കേണ്ടതുണ്ട്. 800 കോടി ഡോളറാണ് ഈ സ്റ്റാർട്ടപ്പിന്റെ മൂല്യം. 

∙എംപിഎൽ: 250 കോടി ഡോളറാണ് എംപിഎൽ അഥവാ മൊബൈൽ പ്രീമിയർ ലീഗ് എന്ന ഗെയിമിങ് ആപ്പിന്റെ മൂല്യം. 
∙ മൈ11സർക്കിള്‍
∙ ഹൗസാറ്റ്
∙എസ്11ഫാന്റസി
∙ വിൻസോ
∙ഗെയിംസ് 24*7
∙ ജംഗ്ലി ഗെയിംസ്
∙ പോക്കർബാസി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!