കാസർകോട് നഗരത്തിൽ പരക്കെ കവർച്ച; പൊലീസ് കേസെടുത്തു

കാസർകോട്: ഫാർമസിയുടെ ഷട്ടർ പൊക്കി അകത്തുകടന്ന മോഷ്ടാവ് പണവും ഫോണും കവർന്നു. കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ ബദരിയ ഹോട്ടലിന് എതിർവശത്തെ ആശ്വാസ് കമ്യൂണിറ്റി ഫാർമസിയിലാണ് ബുധനാഴ്ച രാത്രിയിൽ കവർച്ച നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരൻ മാങ്ങാട് സ്വദേശി എം.കെ. അഷ്റഫിന്റെ 2500 രൂപയും നോക്കിയ മൊബൈൽ ഫോണുമാണ് മോഷണംപോയത്.
ചെങ്കള സ്വദേശി അബ്ദുൽഖാദറിന്റെ കടയും പൂട്ട് തകർത്ത നിലയിലാണ്. ഫോർട്ട് റോഡ് സ്വദേശിനി ശാലിനിയുടെ ഉടമസ്ഥതയിലുള്ള വിന്നർ ഫൂട് വെയർ, യൂസഫിന്റെ മിനിമാർട്ട് ഗ്രോസറി ഫോപ് എന്നിവിടങ്ങളിലും കവർച്ച നടന്നിട്ടുണ്ട്.
സി.സി.ടി.വി കാമറകളിൽ കവർച്ചകാരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.