പൊതുസ്ഥലങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കണം : കർശന നിയന്ത്രണവുമായി ഒമാൻ

മസ്കറ്റ് : പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാന്‍. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ബാധകമാണ് പുതിയ നിബന്ധന. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 300 ഒമാനി റിയാല്‍ വരെ ഫൈനും മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഒമാന്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വെച്ചാണ് പുതിയ നിബന്ധന നടപ്പാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുന്‍സിപ്പല്‍ കമ്മിറ്റി തയ്യാറാക്കിയ നിയാമവലി മുന്‍സിപ്പല്‍ കൗണ്‍സിലിന് കൈമാറിയിട്ടുണ്ട്. ഇത് അംഗീകാരത്തിനായി ദിവാന്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കും. വസ്ത്രധാരണരീതി എങ്ങനെയുണ്ടാകണമെന്നത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടില്ലെങ്കിലും തോള്‍ മുതല്‍ മുട്ടിന് താഴെ വരെ പൂര്‍ണ്ണമായും മറയുന്ന തരത്തിലുള്ളതാകണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്’ എന്നാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ പബ്ലിക്ക് അഫേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസ് ബിന്‍ മുഹമ്മദ് അല്‍ മഅ്ഷറി അറിയിച്ചിരിക്കുന്നത്.
സഭ്യതാ മാനദണ്ഡങ്ങള്‍ ലംഘിക്കാത്ത തരത്തിലാകണം വസ്ത്രധാരണം. ശരീരഭാഗങ്ങള്‍ അധികം വെളിപ്പെടുത്താത്ത അവശ്യഭാഗങ്ങളെല്ലാം മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കേണ്ടത്. സെന്‍സിറ്റീവ് ചിത്രങ്ങളും ഇല്യുസ്ട്രേഷനുകളും ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു

