KSDLIVENEWS

Real news for everyone

എന്റര്‍ടെയിന്മെന്റും മികച്ച കളിയും; റോയല്‍ ചലഞ്ചേഴ്സ് ജയത്തോടെ തുടങ്ങി

SHARE THIS ON

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി മറിയുകയായിരുന്നു. ബൈര്‍സ്റ്റോയെയും വിജയ് ശങ്കറെയും പുറത്താക്കിയ ചഹാലിന്റെ ഓവറിന് ശേഷം ഹൈദ്രാബാദ് നിര തകരുകയായിരുന്നു.

അവസാന ഓവറില്‍ 18 റണ്‍സ് ജയിക്കാന്‍ നേടേണ്ടിയിരുന്ന സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10 റണ്‍സിന്റെ വിജയം നേടി.

ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഡേവിഡ് വാര്‍ണറെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പിന്നീട് കണ്ടത് ജോണി ബൈര്‍സ്റ്റോ – മനീഷ് പാണ്ടേ കൂട്ടുകെട്ട് ബാംഗ്ലൂര്‍ ബൗളര്‍മാരെ ആക്രമിക്കുന്നതായിരുന്നു. ഉമേഷ് യാദവിനെയാണ് ഇരുവരും കൂടുതലായി തിരഞ്ഞ് പിടിച്ച്‌ ആക്രമിച്ചത്.

തുടക്കത്തില്‍ മനീഷാണ് ആക്രമിച്ച്‌ കളിച്ചതെങ്കിലും അധികം വൈകാതെ ജോണി ബൈര്‍സ്റ്റോ തന്റെ ഉഗ്രരൂപം പുറത്തെടുത്ത് ആക്രമോത്സുക ബാറ്റിംഗ് പുറത്തെടുത്തു. പത്തോവറില്‍ സണ്‍റൈസേഴ്സിന് 78 റണ്‍സാണ് നേടാനായത്. ഇത് ബാംഗ്ലൂരിന്റെ പത്തോവര്‍ സ്കോറിനെക്കാള്‍ 8 റണ്‍സ് മാത്രമായിരുന്നു കുറവ്.

ഇതിനിടെ ബൈര്‍സ്റ്റോ 40ല്‍ നില്‍ക്കുമ്ബോള്‍ താരത്തിന്റെ ക്യാച്ച്‌ ആരോണ്‍ ഫിഞ്ച് കൈവിട്ടു. പത്താം ഓവറിന് ശേഷം സണ്‍റൈസേഴ്സിന്റെ കുതിപ്പിന് തടയിടുവാന്‍ ചഹാലിനും നവ്ദീപ് സൈനിയ്ക്കും സാധിക്കുകയും ചഹാല്‍ മനീഷ് പാണ്ടേയെ പുറത്താക്കുകയും ചെയ്തപ്പോള്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും സാധ്യതയുയര്‍ന്നു. 33 പന്തില്‍ നിന്ന് 34 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

പത്താം ഓവറിന് ശേഷമുള്ള മൂന്ന് ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയ ആര്‍സിബി മനീഷ് പാണ്ടേയെ പുറത്താക്കി മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെ ശിവം ഡുബേ ഒരോവര്‍ എറിഞ്ഞ് വെറും മൂന്ന് റണ്‍സ് വിട്ട് മാത്രം നല്‍കി പ്രിയം ഗാര്‍ഗിനെ സമ്മര്‍ദ്ദത്തിലാക്കി.

അടുത്ത ഓവര്‍ എറിയാനെത്തിയ ഉമേഷ് യാദവ് ബൈര്‍സ്റ്റോയുടെ വിക്കറ്റ് നേടുവാന്‍ വീണ്ടും അവസരം സൃഷ്ടിച്ചുവെങ്കിലും ഡെയില്‍ സ്റ്റെയിന്‍ ശ്രമകരമായൊരു അവസരം കൈവിടുകയായിരുന്നു. അതിന് ശേഷം ജോണി ബൈര്‍സ്റ്റോ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 30 പന്തില്‍ 43 റണ്‍സായിരുന്നു. ചഹാലെറിഞ്ഞ ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ താരം പുറത്താക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 61 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. തൊട്ടടുത്ത പന്തില്‍ വിജയ് ശങ്കറെ പുറത്താക്കി ചഹാല്‍ സണ്‍റൈസേഴ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കി.

നവ്ദീപ് സൈനി എറിഞ്ഞ അടുത്ത ഓവറില്‍ സണ്‍റൈസേഴ്സിന് ഭുവനേശ്വര്‍ കുമാറിനെയും റഷീദ് ഖാനെയും നഷ്ടമായി. ലക്ഷ്യത്തിന്10 റണ്‍സ് അകലെ സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി യൂസുവേന്ദ്ര ചഹാല്‍ മൂന്നും നവ്ദീപ് സൈനി, ശിവം ഡുബേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!