KSDLIVENEWS

Real news for everyone


500 കോടി പ്രതീക്ഷിച്ചു,സാലറി ചലഞ്ചില്‍ ഇതുവരെ കിട്ടിയത് 41 കോടി, ലീവ് സറണ്ടറിലൂടെ മറുപണിയും

SHARE THIS ON

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സര്‍ക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആര്‍എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍ മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു. 5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. ഈ കണക്ക് നോക്കിയാല്‍ നാല് ദിവസത്തെ ശമ്പളം സംഭാവനയായി അടുത്ത രണ്ടുമാസങ്ങളില്‍ ലഭിച്ചാല്‍ പോലും 200 കോടി തികയില്ല.

സാലറി ചലഞ്ചിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ അതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. ഇത് പുറത്ത് വിടാതിരിക്കുന്നതിനിടെയാണ് ട്രഷറി രേഖകള്‍ പുറത്തായത്. ഇത് പ്രകാരം 41 കോടി 20 ലക്ഷത്തോളം രൂപയാണ് ഇതുവരെ കിട്ടിയത്. ഇത് ഒരു ദിവസത്തെ ശമ്പളം നല്‍കിവരുടെ മാത്രം കണക്കായിരുന്നെങ്കില്‍ സര്‍ക്കാരിന് ആശ്വസിക്കാമായിരുന്നു. പക്ഷെ ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41 കോടി.


വയനാട് പുനരധിവാസത്തിനായി 5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്യേണ്ടത്. സെപ്റ്റംബറില്‍ നല്‍കുന്ന ഓഗസ്റ്റിലെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തേയും അടുത്തമാസങ്ങളില്‍ രണ്ടുദിവസത്തേയും ശമ്പളംവീതം പരമാവധി മൂന്നുഗഡുക്കളായി പണം നല്‍കാമെന്നായിരുന്നു നിര്‍ദേശം. ഒന്നോ രണ്ടോ ഗഡുക്കളായും ഒടുക്കാമെന്നും അഞ്ചുദിവസത്തില്‍ കൂടുതലുള്ള ശമ്പളവും നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ 500 കോടി രൂപ സ്വരൂപിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പക്ഷെ സംഗതി പാളി. സാലറി ചലഞ്ചിനായി തുറന്ന സിഎംഡിആര്‍എഫ് വയനാട് എന്ന ട്രഷറി അക്കൗണ്ടിലേക്ക് ഇതുവരെ കിട്ടിയത് 41.2 കോടി രൂപമാത്രമാണ്. സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ജീവനക്കാര്‍ മറുപണി കൊടുത്തത് ലീവ് സറണ്ടര്‍ എന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ്.

ധനവകുപ്പിന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചതിവിടെയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കാലങ്ങളായി ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതിയില്ല. എന്നാല്‍ സാലറി ചലഞ്ച് ചെയ്യാന്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു. സാലറി ചലഞ്ച് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ പട്ടിക നോക്കുമ്പോള്‍ അധികം ലീവ് സറണ്ടര്‍ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്. ഇങ്ങനെ അഞ്ചുദിവസത്തെ ശമ്പളം മുഴുവന്‍ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാര്‍ അടച്ചു. ഫലത്തില്‍ കണക്കില്‍ പണമെത്തിയെങ്കിലും അക്കൗണ്ടില്‍ പണം ഇല്ലായെന്ന വൈരുദ്ധ്യത്തിലാണ് എത്തിച്ചത്. ഈ തുക ധനവകുപ്പ് നല്‍കേണ്ടി വരും.

സെപ്റ്റംബറില്‍ സാലറി ചലഞ്ചിലൂടെ ട്രഷറി അക്കൗണ്ടില്‍ വന്ന ഈ 41 കോടി രൂപ ഒരു ദിവസത്തെ ശമ്പളം നല്‍കിയവരുടെ തുക മാത്രമല്ല. ലീവ് സറണ്ടര്‍ ചെയ്തും,
പിഎഫ് വായ്പയില്‍ നിന്ന് പണം നല്‍കിയവരുടെ സംഭാവന കൂടിയാണ്. അങ്ങനെ ചലഞ്ചിന്റെ ഭാഗമായവര്‍ മുഴുവന്‍ ഒറ്റ ഗഡുവായി അഞ്ച് ദിവസത്തെ ശമ്പളം നല്‍കി കഴിഞ്ഞു.

അതായത് ഇനി ലീവ് സറണ്ടര്‍, പിഎഫ് വായപാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തവരുടെ വകയായി സാലറി ചലഞ്ചിലൂടെ വരുന്ന നാല് ദിവസത്തെ ശമ്പളംമാത്രമാണ് ഫലത്തില്‍ ഇനി നേരിട്ട് കിട്ടാനുള്ളതെന്ന് സാരം. ഒക്ടോബറിലും നവംബറിലും അക്കൗണ്ടിലേക്ക് വരുന്നത് ലീവ് സറണ്ടറും, പിഎഫ് സംഭവാനയും ഇല്ലാത്ത തുകയാണ്. ഇങ്ങനെ നോക്കിയാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച തുകയുടെ പകുതി പോലും ലഭിക്കാനിടയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!