KSDLIVENEWS

Real news for everyone

പൂരം റിപ്പോർട്ട്: ഒരാഴ്ച മുമ്പ് നീട്ടിത്തരാൻ ആവശ്യപ്പെട്ടിരുന്നു,അജിത് കുമാറിനെ മാറ്റില്ല- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 24-ാം തീയ്യതിക്ക് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിവരാവകാശപ്രകാരമുള്ള നോട്ടീസിന് മറുപടി നൽകിയത് വസ്തുതകള്‍ അനുസരിച്ചില്ലാത്തതിനാലാണ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതെന്നും പിണറായി പറഞ്ഞു.

തൃശ്ശൂര്‍ പൂരം സംബന്ധിച്ചുള്ള കാര്യത്തില്‍ നല്ല രീതിയില്‍ തന്നെ പരിശോധന നടത്താന്‍ നേരത്തേ ചുമതലപ്പെടുത്തിയതാണ്. ആ പരിശോധന നടന്നുകൊണ്ടിരിക്കുന്നുണ്ട്. ആ വസ്തുതകള്‍ക്ക് അനുസരിച്ചല്ല വിവരാവകാശ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. വിവരാവകാശപ്രകാരമുള്ള നോട്ടീസിന് മറുപടി കൊടുത്തു എന്നുപറയുന്നത് വസ്തുതകള്‍ അനുസരിച്ചില്ല. അത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്ന നില സ്വീകരിച്ചത്. – മുഖ്യമന്ത്രി പറഞ്ഞു

നേരത്തേ തന്നെ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഒരാഴ്ച മുമ്പ് കുറച്ച് കൂടി സമയം വേണമെന്ന് പറഞ്ഞ് എന്റെ മുമ്പില്‍ ഒരു കടലാസ് വന്നു. ഞാനതില്‍ പറഞ്ഞു 24-ാം തീയ്യതിക്ക് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കണം. എന്ന് പറഞ്ഞ് ഉത്തരവിട്ടു. 24-ാം തീയ്യതിക്ക് മുമ്പ് കിട്ടുമെന്നാണ് തോന്നുന്നത്. – തൃശ്ശൂര്‍ പൂരം കലക്കിയതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഇടപെട്ട കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും വിവരാവകാശത്തിന് തെറ്റായ മറുപടി എന്തുകൊണ്ട് കൊടുത്തു. അതാണ് പ്രശ്‌നമായിട്ട് വന്നത്. അതാണ് നടപടിക്ക് ഇടയാക്കിയത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷിക്കട്ടെ. അത് വരട്ടെയെന്നും ആരോപണവിധേയനായ എഡിജിപി അജിത് കുമാര്‍ തന്നെയാണല്ലോ ഇത് അന്വേഷിക്കുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോദിക്കുമല്ലോ എന്തുകൊണ്ട് തരുന്നില്ല, എന്താണ് തരാത്തത്, ഉടനെ തരണമെന്ന് പറയുമല്ലോ. ആ പറഞ്ഞുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ പറഞ്ഞ വിവരം എന്റെയടുത്ത് വരുന്നത്. അത് കഴിഞ്ഞയാഴ്ചയാണ്. ആ വിവരം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഒരാഴ്ച ഏകദേശമുണ്ടാകും. 24-ാം തീയ്യതിക്ക് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനം വേണം.- മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!