അപകട ഭീഷണിയായി കോട്ടിക്കുളം റെയിൽവേ ഗേറ്റ്; മേൽപാലം ഉപയോഗിക്കാതെ ആളുകൾ പാളം മുറിച്ചുകടക്കുന്നത് ദുരന്തത്തെ മാടി വിളിക്കുന്നു

പാലക്കുന്ന്: ട്രെയിനുകൾ കടന്നുപോകുന്നതിനുള്ള മുന്നറിയിപ്പ് നൽകി കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഗേറ്റ് അടയ്ക്കാറുണ്ട്. എന്നാൽ അത് വാഹനങ്ങൾക്ക് മാത്രമല്ലേ ബാധകം എന്ന പോലെയാണ് കാൽനടയാത്രക്കാരുടെ പാളം കടക്കാനുള്ള തിടുക്കം. ഗേറ്റ് അടഞ്ഞിരിക്കവേ അപ്പുറത്തേക്കു എത്താൻ കോട്ടിക്കുളത്ത് സുരക്ഷിതമായ മേൽനടപ്പാത ഉണ്ടെങ്കിലും യാത്രക്കാരിൽ ഏറെയും ഇതു ഉപയോഗിക്കാറില്ല, അതിനാൽ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ പാളം മുറിച്ചു കടക്കുന്നത് അപകടത്തിനിടായാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. മേൽനടപ്പാതയിൽ എത്താനുള്ള പടികൾ കയറാനുള്ള പ്രയാസവും സമയം ലാഭിക്കാമെന്ന തിടുക്കവുമാണ് പലരും ഇതു ഉപയോഗിക്കാത്തത്.
പ്ലാറ്റ്ഫോമിനെ രണ്ടായി മുറിച്ചു പോകുന്ന റോഡിലെ റെയിൽപ്പാളത്തിലൂടെ ഏത് നിമിഷവും ഇരുഭാഗത്ത് നിന്നുമായി ട്രെയിനുകൾ വന്നേക്കുമെന്നതിനേക്കാൾ പലരുടെയും ചിന്ത എത്രയും വേഗം അപ്പുറം കടക്കണമെന്നതാണ്. ട്രെയിനിന്റെ ഒരു ഭാഗം സ്റ്റേഷന്റെ ഒരറ്റത്ത് കണ്ടാൽ പോലും പാളം കടക്കാൻ ധൃതി കാണിക്കുന്നവർ ഏറെയുണ്ടെന്ന് റെയിൽവേ അധികൃതർ തന്നെ പറയുന്നു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ 30 സെക്കന്റിനുള്ളിൽ സ്റ്റേഷൻ കടന്നു പോകാറാണ്ടെങ്കിലും അത്ര നേരംകാത്തിരിക്കാൻ സമയമില്ലാത്തവരും ഏറെയുണ്ട്. ലവൽ ക്രോസുകളിലൂടെ പാളം കടക്കുന്നത് റെയിൽവേ നിയമപ്രകാരം ശിക്ഷാർഹമാണ്.
വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാഞ്ഞങ്ങാട്ട് പാളം കടക്കുന്നതിനിടെ യാത്രക്കാരായ 3 സ്ത്രീകളാണ് ഉത്രാടനാളിൽ മരിച്ചത്. ഈ അപകടത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ പലർക്കും ആവുന്നില്ല. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വയോധികൻ രക്ഷപ്പെട്ടത് റെയിൽവേ ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ്. ഇരുഭാഗത്തു നിന്നും അതിവേഗ ട്രെയിനുകൾ ഒരേ സമയം കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ കടക്കുന്ന നേരമാണ് വായോധികൻ പാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടത്.
ഈ സ്റ്റേഷനിൽ സ്റ്റോപ് ഇല്ലാത്ത ഇരു ട്രെയിനുകളും ഒരേ സമയം ഇരു ഭാഗങ്ങളിലേക്കുമായി ഓടുമ്പോൾ ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ ഇടയിൽ മൂന്നാം നമ്പർ ട്രാക്കിൽ അകപ്പെട്ടയാളോട് അവിടെ തന്നെ നിൽക്കാൻ ജീവനക്കാരൻ നിർദേശിച്ചതിനാൽ ദുരന്തം ഒഴിവായി.
കോട്ടിക്കുളത്ത് സ്റ്റോപ്പുള്ള വണ്ടികളിൽ നിന്നിറങ്ങുന്ന യാത്രക്കാരിൽ റോഡിലേക്കെത്താൻ നടപ്പാലം ഉപയോഗിക്കുന്നവർ കുറവാണ്.
ഇടം വലം നോക്കാതെ പാളം കടന്ന് എളുപ്പം അപ്പുറം എത്താനാണ് ശ്രമം.
മറ്റേ ട്രാക്കിലൂടെ ട്രെയിൻ വരുന്നുണ്ടോ എന്നത് പോലും പലരും നോക്കാറില്ല.
ഗേറ്റ് അടച്ചിടുന്ന നേരം പോലും പാത മുറിച്ചു കടക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ചുമത്തണമെന്ന ആവശ്യവുമുണ്ട്.

