KSDLIVENEWS

Real news for everyone

കെ.എസ്.ആർ.ടി.സിയുടെ സർക്കുലർ ബസ് തയ്യാർ ; ഇന്നുമുതൽ ജില്ലാ ആശുപത്രിയുടെ സേവന കേന്ദ്രങ്ങളിലേക്ക് ഓടിത്തുടങ്ങും

SHARE THIS ON

കാഞ്ഞങ്ങാട്:ജില്ലാ ആസ്പത്രിയിലെ സേവനങ്ങൾ വിവിധയിടങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ സർക്കുലർ ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു. ‘മാതൃഭൂമി’യാണ് സർക്കുലർ ബസ് എന്ന ആശയം മുന്നോട്ടുവച്ചത്. ബുധനാഴ്ച മുതൽ ബസുകൾ ഓടിത്തുടങ്ങും. വിവിധ സമയങ്ങളിലായി രണ്ടു ബസുകളാണ് സർവീസ് നടത്തുക. രാവിലെ 8.45-ന് കാഞ്ഞങ്ങാട്ടുനിന്ന്‌ പെരിയ സി.എച്ച്.സി.യിലേക്കാണ് ആദ്യ സർവീസ്. 9.30-ന് പെരിയയിൽനിന്ന്‌ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ്‌ വഴി നീലേശ്വരം താലൂക്ക് ആസ്പത്രിയിലേക്ക്. 10.30-ന് നീലേശ്വരം താലൂക്ക് ആസ്പത്രിയിൽനിന്ന്‌ കാഞ്ഞങ്ങാട്ടേക്ക് തിരിക്കും. രണ്ടാമത്തെ ബസ് 10.30-ന് കാഞ്ഞങ്ങാട്ടുനിന്നു നീലേശ്വരം താലൂക്ക് ആസ്പത്രിയിലേക്ക് പോകും. ഈ ബസ് ഭീമനടി വരെ പോകും. 12.15-ന് ഭീമനടിയിൽനിന്ന്‌ ഇതേ റൂട്ടിൽ തിരിച്ച്‌ സർവീസ് നടത്തും.
മലയോരത്തുള്ള ജനങ്ങളെക്കൂടി കണക്കിലെടുത്താണ് ഒരു ബസ് ഭീമനടി വരെ സർവീസ് നടത്താൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതലയുള്ള പയ്യന്നൂർ ഡി.ടി.ഒ. കെ.യൂസഫും കാഞ്ഞങ്ങാട് ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ പി.കുഞ്ഞിക്കണ്ണനും വ്യക്തമാക്കി.
ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കിയതിനാലാണ് ഇവിടത്തെ സൗകര്യം വിവിധ ആസ്പത്രികളിലേക്ക് മാറ്റിയത്. വ്യത്യസ്ത ഒ.പി.യിൽ കാണിക്കേണ്ടി വന്നാൽ അവർക്ക് ഒരിടത്ത് ഈ സേവനം കിട്ടണമെന്നില്ല. ഈ സാഹചര്യത്തിൽ രോഗികൾ ബസുകളും ഓട്ടോറിക്ഷകളും മാറി കയറേണ്ടി വരും. കോവിഡ് കാലമായതിനാൽ ബസുകൾ പഴയതുപോലെ സർവീസ് നടത്തുന്നുമില്ല.
ഈ സംവിധാനം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുസമൂഹവും രംഗത്തുവന്നു. വാർത്ത പ്രസിദ്ധീകരിച്ച ദിവസം തന്നെ സർവീസ് നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു പറഞ്ഞിരുന്നു. പിന്നാലെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് കെ.എസ്.ആർ.ടി.സി.ക്ക് കത്ത്‌ നൽകി. കെ.എസ്.ആർ.ടി.സി. ഡയരക്ടർ ടി.കെ.രാജനും ഇതു സംബന്ധിച്ച് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!