KSDLIVENEWS

Real news for everyone

ജില്ലയുടെ “വിശദ പദ്ധതിക്ക്” ആദ്യ അംഗീകാരം നേടാനായതിൽ അഭിമാനം -എ.ജി.സി. ബഷീർ

SHARE THIS ON

കാസർകോട്: സംസ്ഥാന സർക്കാരിനുമുമ്പിൽ ആദ്യമായി വിശദ ജില്ലാ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടാനായതിൽ അഭിമാനമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ പറഞ്ഞു. നിലവിലെ ജില്ലാ ആസൂത്രണ സമിതിയുടെ അവസാന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികൾക്കുള്ളിൽനിന്ന് ജില്ലയുടെ പൊതുവായ വികസനത്തിന് സമിതി പരിശ്രമിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡിലെ പ്രഗല്‌ഭരെ പങ്കെടുപ്പിച്ച് വികസന സെമിനാർ നടത്തി. ജില്ലയുടെ ഭൂജല ശോഷണം തടയാൻ ജലനയത്തിന് രൂപം നൽകി. പെരിയ എയർസ്ട്രിപ്പിന് ജില്ലാ പഞ്ചായത്ത് ബജറ്റിൽ തുക വകയിരുത്തി. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും പ്രാഥമിക അംഗീകാരം നേടാനായി.

കേന്ദ്രീകൃത മാലിന്യനിർമാർജനത്തിനുള്ള ബൃഹദ് പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ഇക്കാലയളവിൽ നേടാൻ സാധിച്ചിട്ടില്ല. എല്ലാ പ്രവർത്തനങ്ങൾക്കും ഡി.പി.സി. മെമ്പർ സെക്രട്ടറിയായ കളക്ടർ നൽകിയ ഉറച്ച പിന്തുണ ഒരിക്കലും മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകക്ഷി ഭേദമില്ലാതെ ജില്ലയുടെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജില്ലാ ആസൂത്രണസമിതി അംഗങ്ങൾ, ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാർ എന്നിവരെ യോഗം അഭിനന്ദിച്ചു. ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതികളുടെ ഭേദഗതികൾക്ക് യോഗം അംഗീകാരം നൽകി. പദ്ധതി പുരോഗതി അവലോകനംചെയ്തു. അഞ്ചുവർഷത്തെ പ്രാദേശിക വികസനനേട്ടങ്ങൾ അവതരിപ്പിക്കുന്ന വെബിനാറുകൾ കിലയുടെ സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!