KSDLIVENEWS

Real news for everyone

കാട്ടാനകൂട്ടം കൃഷി നശിപ്പിച്ച കാറഡുക്ക, പാണൂര്‍ മേഖല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു

SHARE THIS ON

കാസര്‍കോട്: കാട്ടാനകൂട്ടം കൃഷി നശിപ്പിച്ച കാറഡുക്ക, പാണൂര്‍ മേഖല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തോളമായി കാട്ടാനക്കൂട്ടം കാറഡുക്ക, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ബോവിക്കാനം-കുറ്റിക്കോല്‍ പ്രധാന റോഡ് കടന്ന് ഇരിയണ്ണി, കുണിയേരി ജനവാസ മേഖലയിലെത്തിയതോടെ വന്‍ ജനരോഷം ഉണ്ടായി. നാട്ടുകാര്‍ സംഘടിച്ച് വനം ജീവനക്കാരുടെ സഹായത്തോടെ കാട്ടാനകൂട്ടത്തെ ആറ് കിലോമീറ്ററോളം ഓടിച്ച് കൊട്ടംകുഴി വരെ എത്തിച്ചിരുന്നു. പയസ്വിനി പുഴ കടത്തി അതിര്‍ത്തി വരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കൊട്ടംകുഴി ചേറ്റോണി വനത്തില്‍ നിന്ന് പുറത്തിറങ്ങിയ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം രാത്രി പലരുടേയും കൃഷി നശിപ്പിച്ചു. രണ്ട് കൂട്ടങ്ങളായി പല സ്ഥലത്ത് ഒരേ സമയത്ത് കൃഷി നശിപ്പിക്കുന്നതിനാല്‍ കൊട്ടംകുഴിയിലെ കര്‍ഷകര്‍ ഏറെ ദുരിതത്തിലായി. പയസ്വിനി പുഴയുടെ സമീപത്തുള്ള ആനകളെ പുഴകടത്തി അതിര്‍ത്തിയിലെത്തിക്കാന്‍ എളുപ്പമാണ്. കാട്ടാനകൂട്ടം പാണൂര്‍, കാനത്തൂര്‍, ഇരിയണ്ണി മേഖലയിലേക്ക് വീണ്ടും കടക്കുന്നതിന് മുമ്പ് വയനാട്ടില്‍ നിന്ന് വിദഗ്ധരെ കൊണ്ട് വന്ന് ദ്രുത പ്രതികരണ സേനയും വനം ജീവനക്കാരും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അതിര്‍ത്തി കടത്തി സോളാര്‍ വേലിയും ട്രഞ്ചും നിര്‍മിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എം.പി പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ.വാരിജാക്ഷന്‍, പുരുഷോത്തമന്‍, രാജന്‍ പന്നപ്പലം, ബാലകൃഷ്ണന്‍ നായര്‍, ചന്ദ്രന്‍ കുളത്തിങ്കാല്‍ തുടങ്ങിയവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!