KSDLIVENEWS

Real news for everyone

സര്‍ക്കാരാശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തു; ഗുരുതര കണ്ടെത്തലുമായി സിഎജി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കണ്‍ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. നിലവാരമില്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകള്‍ 483 ആശുപത്രികളിലും വിതരണം നിര്‍ത്തിവയ്ക്കാൻ ഉത്തരവിട്ട 11.69 ലക്ഷത്തിന്‍റെ മരുന്നുകള്‍ 148 ആശുപത്രികളിലും രോഗികള്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസമാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്‌സിഎല്ലിന്‍റെ നടപടിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ആശുപത്രികളില്‍ നിന്ന് ഓരോ വര്‍ഷത്തേക്കും ആവശ്യമുള്ള മരുന്നുകളുടെ ഇന്‍റന്‍റ് നല്‍കുന്നുണ്ടെങ്കിലും അതനുസരിച്ചല്ല കെഎംഎഎസ്‌സിഎല്‍ മരുന്നു സംഭരിക്കുന്നത്. 2017 മുതല്‍ 2022 വരെ 4732 ഇനം മരുന്നുകള്‍ക്ക് ആശുപത്രികള്‍ ഇന്‍റന്‍റ് നല്‍കിയെങ്കിലും കെഎംഎസ്‌സിഎല്‍ പൂര്‍ണമായും ഓര്‍ഡര്‍ നല്‍കിയത് 536 ഇനങ്ങള്‍ക്കു മാത്രമാണ്. മരുന്നുകള്‍ക്ക് 75% കാലാവധി വേണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ മരുന്ന് തിരികെ നല്‍കി കമ്ബനിയില്‍ നിന്ന് പിഴ ഈടാക്കാം. പരിശോധനാ കാലയളവിലെ 54,049 ബാച്ച്‌ മരുന്നുകളില്‍ 1610 ബാച്ചുകളും 75% ഷെല്‍ഫ് ലൈഫ് ഇല്ലാത്തതായിരുന്നു. കമ്ബനികളില്‍ നിന്ന് 32.82 കോടി രൂപയുടെ പിഴ ഈടാക്കേണ്ടത് ഒഴിവാക്കിക്കൊടുത്തു. 46 ഇനം മരുന്നുകള്‍ ഇതേ വരെ ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. കരട് റിപ്പോര്‍ട്ടിനെ ദുര്‍ബലമായ വാദങ്ങള്‍ നിരത്തിയാണ് കെഎംഎസ്‌സിഎല്‍ ന്യായീകരിക്കാൻ ശ്രമിച്ചത്. ഇത് നിശിതമായ വിമര്‍ശനത്തോടെ സിഎജി തള്ളുകയും ചെയ്തു. സ്റ്റോറിലെ ഫാര്‍മസിസ്റ്റുകളുടെ കുറവ്, വൈദ്യുതി തകരാര്‍, ഇന്‍റര്‍നെറ്റ് തടസം തുടങ്ങിയവയാണ് കെഎംഎസ്‌സിഎല്‍ നിരത്തിയ ന്യായങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!