ദേശീയപാത വികസനം; ചെരുമ്പയിൽ ജനകീയ സമരം ശക്തം: താക്കീതായി മനുഷ്യച്ചങ്ങല

പെരിയാട്ടടുക്കം ∙ ദേശീയപാതാ വികസനം റോഡിന് ഇരുവശത്തേക്കുമുള്ള സഞ്ചാരപാത തടസപ്പെടുത്തുന്നുവെന്നും പകരം സംവിധാനം ഒരുക്കണമെന്നുമാവശ്യപ്പെട്ട് പെരിയാട്ടടുക്കം–ചെരുമ്പ–കുണിയ ദേശീയപാതയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ മനുഷ്യച്ചങ്ങല തീർത്തു. കുട്ടികൾ മുതൽ പ്രായമായവർ വരെ നൂറുകണക്കിനാളുകൾ മനുഷ്യച്ചങ്ങലയിൽ അണിനിരന്നു. ആറുവരിപ്പാതയുടെ മധ്യത്തിൽ കോൺക്രീറ്റ് മതിൽ നിർമിക്കുന്നത് നാടിനെ രണ്ടായി മുറിക്കുമെന്നും യാത്രാസ്വാതന്ത്ര്യം നിഷേധിക്കുമെന്നും ഇതിനു പരിഹാരം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു മനുഷ്യച്ചങ്ങല. ഈ ആവശ്യമുന്നയിച്ച് ചെരുമ്പ റിഫാഹിയ്യ ജുമാ മസ്ജിദിനു സമീപം സമരസമിതി ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് മനുഷ്യച്ചങ്ങല തീർത്തത്. തുടർന്നു നടന്ന യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷ എം.ഗൗരി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർപഴ്സനും വാർഡ് മെംബറുമായ കെ.പ്രസീത അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷഹീദ റാഷിദ്, പള്ളിക്കര പഞ്ചായത്ത് മെംബർ ടി.ശോഭ, ചെരുമ്പ റിഫാഹിയ്യ ജുമാ മസ്ജിദ് പ്രസിഡന്റ് സി.എം.അബ്ദുൽ റഹ്മാൻ ഹാജി, എ.ഗംഗാധരൻ, സാജിദ് മവ്വൽ, അജയൻ പനയാൽ, ഹൈദർ ഹാജി, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ സുമതി, ടി.മുഹമ്മദ്കുഞ്ഞി, സമരസമിതി ജനറൽ കൺവീനർ കെ.എം.ബഷീർ എന്നിവർ പ്രസംഗിച്ചു.

