ബെന്‍സേമയുടെ പൗരത്വം റദ്ദാക്കണം ‘; ഗസ്സ ഐക്യദാര്‍ഢ്യത്തിനെതിരെ ഫ്രഞ്ച് രാഷ്ട്രീയ നേതാക്കള്‍

പാരിസ്: ഗസ്സക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് ഫുട്ബാള്‍ സൂപ്പര്‍ താരം കരീം ബെന്‍സേമക്കെതിരെ ഫ്രാന്‍സിലെ രാഷ്ട്രീയ നേതാക്കള്‍.
ഫ്രാന്‍സ് ഭീകര സംഘടനയായി കണക്കാക്കുന്ന മുസ്ലിം ബ്രദര്‍ഹുഡുമായി ബെന്‍സേമക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാര്‍ഡ് ഡാര്‍മനിന്‍ രംഗത്തെത്തിയതിന് പിന്നാലെ താരത്തിന്റെ പൗരത്വവും ബാലന് ഡി ഓര് പുരസ്കാരവും റദ്ദാക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് സെനറ്റ് അംഗം വാലേറി ബോയറും രംഗത്തെത്തി.
‘സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കാത്ത അന്യായമായ ബോംബാക്രമണത്തിന് ഒരിക്കല്‍ കൂടി ഇരയായ ഗസ്സ നിവാസികള്‍ക്ക് എല്ലാ പ്രാര്‍ഥനകളും’ എന്നാണ് ബെന്‍സേമ സമൂഹ മാധ്യമമായ ‘എക്സി’ല്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രദര്‍ഹുഡ് ആരോപണവുമായി എത്തിയത്. മന്ത്രിയുടെ ആരോപണം സ്ഥിരീകരിക്കപ്പെട്ടാല്‍ പൗരത്വം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ വേണമെന്ന് സെനറ്റര്‍ ആവശ്യപ്പെട്ടു. തുടക്കത്തില്‍ പ്രതീകാത്മക നടപടി എന്ന നിലയില്‍ ബാലന് ഡി ഓര് പുരസ്കാരം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. അടുത്ത ഘട്ടത്തില്‍ പൗരത്വം റദ്ദാക്കാനും ആവശ്യപ്പെടണമെന്നും ബോയര്‍ പറഞ്ഞു.
അതേസമയം, ആരോപണം കള്ളമാണെന്ന് ബെന്‍സേമയുടെ അഭിഭാഷകന് ഹുഗ്യൂസ് വിഗിയര്‍ വാര്‍ത്ത കുറിപ്പിലൂടെ പ്രതികരിച്ചു.

