ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ടു; പലസ്തീൻ യുവതിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രയേലിന്റെ ആക്രമണത്തിൽ ബന്ധുക്കളെയും വീടും നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള യൂണിവേഴ്സിറ്റിയിലെ എംഎ ലിംഗ്വിസ്റ്റിക്സ് വിദ്യാർഥിനിയെയാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്. ഇന്നലെ നടന്ന വിദേശ വിദ്യാർഥി സംഗമത്തിൽ പങ്കെടുക്കേണ്ടതായിരുന്നു പലസ്തീനിൽനിന്ന് കേരളത്തിലെത്തി പഠനം നടത്തുന്ന ഫുറാത്ത് അൽമോസാൽമി. ഫുറാത്തിന്റെ ഭർത്താവും ഗവേഷക വിദ്യാർഥിയുമായ സമർ അബുദോവ്ദയ്ക്കും ക്ഷണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിൽ ഇവരുടെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും വീട് തകരുകയും ചെയ്തു. ഇതേത്തുടർന്ന് ഇവർക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. യൂണിവേഴ്സിറ്റി അധികാരികളിൽനിന്ന് ഇക്കാര്യം അറിഞ്ഞ മുഖ്യമന്ത്രി ഫുറാത്തിനെ ഫോണിൽ ബന്ധപ്പെട്ട് ആശ്വസിപ്പിക്കുകയായിരുന്നു.

