കേരളത്തിൽ തുലാവർഷം ആരംഭിച്ചു; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ആരംഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായിസ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദ്ദത്തിന്റെയും കോമാറിൻ മേഖലക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായാണ് തുലാവർഷമെത്തിയത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടർന്ന്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും വകുപ്പ് അറിയിച്ചു.
അറബികടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം നാളെയോടെ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
21-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
24-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

