KSDLIVENEWS

Real news for everyone

പിണറായി ബി.ജെ.പിയുടെ നിയന്ത്രണത്തിൽ, എഡിഎമ്മിന്റെ മരണത്തിൽ അനുശോചിച്ചു പോലുമില്ല-സുധാകരൻ

SHARE THIS ON

പാലക്കാട്: ബിജെപിയുടെ നിയന്ത്രണത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി നയതന്ത്രപരമായി ബിജെപിയെ കയ്യിലെടുത്ത് അവരുടെ പിന്തുണയോടു കൂടി ഇവിടെ കോടാനുകോടികള്‍ തട്ടിപ്പ് നടത്തുകയാണ്. എല്ലാത്തരത്തിലും ബിജെപിയുടെ അകിട് പിടിച്ച് സ്വന്തം ജീവിതം ഭദ്രമാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല, വീടാണ്. അത് തിരിച്ചറിയണമെന്ന് കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ സാധുമനുഷ്യനായ എഡിഎമ്മിന്റെ മരണം സംഭവിച്ചിട്ടും അദ്ദേഹത്തിന്റെ കുടുംബത്തെ ഒരു അനുശോചനം പോലും അറിയിക്കാതെ മുഖ്യമന്ത്രി മരം പോലെ നില്‍ക്കുകയാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. എഡിഎമ്മിനെ കുറിച്ച് അപവാദം പറഞ്ഞ് മരണത്തിലേക്കെത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബവും സിപിഎമ്മാണ്. കൊല്ലാന്‍ വേണ്ടി ആക്ഷേപം ഉന്നയിച്ചയാളും സിപിഎമ്മാണ്. ഇത്തരമൊരു മരണം നടന്നിട്ട് അതിനെ കുറിച്ച് ഒരു ദുഃഖം പ്രകടിപ്പിക്കാത്ത പൊതുരംഗത്ത് അറിയപ്പെടുന്ന ഒരാളും ഈ കേരളത്തില്‍ ബാക്കിയില്ല. എല്ലാ മാധ്യമങ്ങളും എഴുതി, എല്ലാ നേതാക്കളും ദുഃഖം പ്രകടിപ്പിച്ചു. എന്നാല്‍ എന്റെ നാട്ടുകാരന്‍, പ്രിയപ്പെട്ട പിണറായി വിജയന്‍ എന്ന മരം പോലുള്ള മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഒരു ശബ്ദം നിങ്ങള്‍ കേട്ടോ? ഒരു മനുഷ്യത്വം വേണ്ടേ, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ആ മുഖ്യമന്ത്രിയുടെ ശിഷ്യയാണ് ഈ ദിവ്യ. അവരാണ് ഈ അപവാദം പറഞ്ഞതും കൊലപാതകം നടത്തിയതും. ഇതൊരു കൊലപാതകമാണ്. ആ കൊലപാതകത്തിന് ഒരക്ഷരം പ്രതികരിക്കാതെ, ആ അമ്മയേയോ മക്കളേയോ ഒരു അനുശോചനം പോലും അറിയിക്കാത്ത പിണറായി വിജയന്‍ എന്ത് മുഖ്യമന്ത്രിയാണെന്ന് നമ്മള്‍ ആലോചിക്കണം. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണം. എട്ട് വര്‍ഷമായി ആ മുഖ്യമന്ത്രി കേരളം ഭരിക്കുന്നു. എന്നിട്ട് എന്തുണ്ടാക്കി കേരളത്തില്‍, ആര്‍ക്കുണ്ടാക്കി? സാധാരണക്കാരുടെ ജീവിതം പോലും ചോദ്യചിഹ്നമായി മാറിനില്‍ക്കുന്നു. കാര്‍ഷിക രംഗത്തോ വിദ്യാഭ്യാസ രംഗത്തോ വ്യാവസായിക രംഗത്തോ ഒരു ചുക്കും ചെയ്യാത്ത ഒരു മുഖ്യമന്ത്രി എന്തിനാണ് കേരളത്തിനെന്ന് ഇടതുപക്ഷക്കാര്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ഒരുപാട് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചില്ലേ, ആരെക്കുറിച്ചെങ്കിലും നമ്മള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? എന്തുകൊണ്ടാണ് പിണറായിയെ കുറിച്ച് മാത്രം എല്ലാവരും ഇങ്ങനെ പറയുന്നത്. പിണറായി നയതന്ത്രപരമായി ബിജെപിയെ കയ്യിലെടുത്ത് അവരുടെ പിന്തുണയോട് കൂടി ഇവിടെ കോടാനുകോടികള്‍ തട്ടിപ്പ് നടത്തുകയാണ്. ദുബായിയില്‍ നിന്ന് സ്വര്‍ണം വന്നു, ഡോളര്‍ വന്നു. സ്വപ്‌ന സുരേഷ് ആണ് അത് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. അത് കേസായപ്പോള്‍ സ്വപ്‌ന സുരേഷ് എല്ലാം വിളിച്ചുപറഞ്ഞു. ഒടുവില്‍ ശിവശങ്കരനെ പ്രതിയാക്കി, അദ്ദേഹം ജയിലില്‍ കിടന്നു. എന്തേ മുഖ്യമന്ത്രി ജയിലില്‍ കിടക്കാത്തത്, മുഖ്യമന്ത്രിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ സെക്രട്ടറി സ്വര്‍ണം കൊണ്ടുവരുമോ, അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുവക്കുമോ, എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് എത്ര തവണ മാറ്റിവെച്ചു, ഒരു തവണയെടുത്താല്‍ മതി, അദ്ദേഹം ജയിലിലേക്ക് പോകും. പക്ഷെ എടുക്കില്ല. എടുക്കരുതെന്ന് ബിജെപി നേതൃത്വത്തിന്റെ മുന്നറിയിപ്പുണ്ട്. അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ തൊടുന്നില്ല. ഇത്തരത്തില്‍ എത്ര കേസുകള്‍. ഒന്നിലും അന്വേഷണമില്ല. അതിന്റെ അര്‍ഥം ബിജെപിയുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ആളായി പിണറായി വിജയന്‍ മാറിയെന്ന് സുധാകരന്‍ ആരോപിച്ചു.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം സുനിശ്ചിതമാണെന്നും കെ സുധാകരന്‍ പറഞ്ഞു. തുടക്കത്തില്‍ പാലക്കാട്ടെ വിജയം സംബന്ധിച്ച് ചെറിയ സംശയമുണ്ടായിരുന്നു. എന്നാല്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഇന്നത്തോടെ എനിക്കുറപ്പായി. ജയിച്ചിരിക്കുമെന്ന് വെല്ലുവിളിക്കാന്‍ ആത്മവിശ്വാസം ഇപ്പോഴുണ്ട്. പിണറായി വിജയന്റെ ഈ കാലഘട്ടം അവസാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിപിഎമ്മില്‍ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!