KSDLIVENEWS

Real news for everyone

മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി അന്തരിച്ചു: മരണം ദീപാവലി ആശംസ നേര്‍ന്ന് മണിക്കൂറുകള്‍ക്കകം

SHARE THIS ON

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഹാസ്യകഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി, അസ്രാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 

1940 ജനുവരി 1-ന് ജയ്പൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തിലാണ് അസ്രാനി ജനിച്ചത്. സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ജയ്പൂരിലെ രാജസ്ഥാന്‍ കോളേജില്‍ നിന്ന് ബിരുദം നേടി. പഠനച്ചെലവുകള്‍ക്കായി ജയ്പൂരിലെ ഓള്‍ ഇന്ത്യ റേഡിയോയില്‍ അദ്ദേഹം വോയിസ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു.

1960 മുതല്‍ 1962 വരെ സാഹിത്യ കല്‍ഭായ് താക്കറില്‍ നിന്ന് അസ്രാനി അഭിനയം പഠിച്ചു, പിന്നീട് 1964-ല്‍ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) ചേര്‍ന്നു.

1967-ല്‍ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂടിയാം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. ഇക്കാലയളവില്‍ അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചു.

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഷോലെ എന്ന സിനിമയിലെ ജയിലറുടേതാണ്. ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്‍… രാജ്കുമാര്‍ എന്നീ പുതിയകാല ഹിറ്റ് സിനിമകളിലും, കൂടാതെ ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമകള്‍ക്ക് പുറമെ, 1972 മുതല്‍ 1984 വരെ പ്രധാന വേഷങ്ങളിലും 1985 മുതല്‍ 2012 വരെ സ്വഭാവ നടനായും അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ദീപാവലി ആശംസകള്‍ പങ്കുവെച്ചിരുന്നു. ഇതോടെ നടന്‍റെ വിയോഗം സിനിമാലോകത്തിന് ഒരു ഞെട്ടലായി മാറിയിരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!