KSDLIVENEWS

Real news for everyone

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍: ബുധനാഴ്ച ശബരിമലയിലെത്തും; ദര്‍ശനത്തിന് നിയന്ത്രണം

SHARE THIS ON

തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൊവ്വാഴ്ച വൈകീട്ട് 6.20-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാജ്ഭവനിലാണ് താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.

ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ്തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ്തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

ദര്‍ശനത്തിന് നിയന്ത്രണം

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. ബുധനാഴ്ച വൈകീട്ട് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാവുക. രാഷ്ട്രപതി നിലയ്ക്കലില്‍ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി അന്നുരാത്രി 10-ന് നടയടയ്ക്കും.

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം; കനത്ത സുരക്ഷ

പത്തനംതിട്ട: രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോള്‍ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതില്‍ തന്ത്രി, മേല്‍ശാന്തി, രണ്ട് പരികര്‍മികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, മൂന്ന് ജീവനക്കാര്‍ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക.

തിരുവനന്തപുരത്തുനിന്ന് 9.35-ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന രാഷ്ട്രപതി 10.20-ന് നിലയ്ക്കലെ ഹെലിപ്പാഡിലെത്തും. അവിടെനിന്ന് കാറില്‍ 11-ന് പമ്പയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!