KSDLIVENEWS

Real news for everyone

വെടിനിർത്തൽ ലംഘനം ഹമാസിന്റെ തലയിലിട്ട് അമേരിക്ക; കരാർലംഘനം തുടർന്നാൽ തുടച്ചുനീക്കുമെന്ന് ട്രംപ്

SHARE THIS ON

ഗസ്സ: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സയിലേക്കുള്ള സഹായവിതരണത്തിന് നിന്ത്രണം ഏർപ്പെടുത്തി ഇസ്രയേൽ. യുഎസ് പ്രതിനിധി സംഘം ഇസ്രയേലിലും ഹമാസും മധ്യസ്ഥ രാജ്യങ്ങളും കൈറോയിലും ചർച്ച തുടരുന്നു.

കരാർലംഘനത്തിന് മുതിർന്നാൽ തുടച്ചുനീക്കുമെന്ന് ഹമാസിന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. തങ്ങളുടെ രണ്ട് സൈനികരുടെ വധത്തിനു പിന്നിൽ ഹമാസ് ആണെന്ന ഇസ്രായൽ കുറ്റപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് ഹമാസ് ആവർത്തിച്ചു. സമാധാന കരാർ തള്ളി ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുകയാണ്. റഫ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി നടന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 57 പേരാണ് കൊല്ലപ്പെട്ടത്. കരാർ നിലവിൽ വന്ന് പത്ത് നാൾ പിന്നിടുമ്പോൾ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 97 ആയി. യുദ്ധവിരാമത്തെ തുടർന്ന് ഫലസ്തീനികൾ തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാർഥിക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം.

ഇതിനകം 80 തവണയാണ് ഇസ്രായേൽ സമാധാന കരാർ ലംഘിച്ചത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ അനുസരിച്ച് ഗസ്സയിലെ ഫലസ്തീനികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ഗസ്സ മീഡിയ ഓഫിസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗസ്സയിലെ യുദ്ധം തുടരാന്‍ ഇസ്രായേല്‍ മന്ത്രിമാര്‍ ആഹ്വാനം ചെയ്തിരുന്നു. അതിനിടെ ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇന്നലെ റെഡ് ക്രോസ് മുഖേന ഇസ്രയേലിന് കൈമാറി. അവശേഷിച്ച മൃതദേഹങ്ങൾ കണ്ടെത്താനും പരമാവധി വേഗത്തിൽ നടപടി പൂർത്തീകരിക്കാനും ശ്രമം തുടരുന്നതായി ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. മൃതദേഹങ്ങൾ ലഭിക്കും വരെ ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുമെന്നാണ് ഇസ്രയേൽ ഭീഷണി. എന്നാൽ കരാർ തകരാതിരിക്കാൻ സാധ്യമായ അളവിൽ ഗസ്സക്കുള്ള സഹായം തുടരണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. യുഎസ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റിവ് വിറ്റ് കോഫ്, ട്രംപിന്‍റെ ഉപദേശകൻ ജെറദ് കുഷ്നർ എന്നിവർ ഇസ്രായേലിൽ നെതന്യാഹു ഉൾപ്പടെ നേതാക്കളുമായി ഇന്നലെചർച്ച നടത്തി. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് ഇന്ന് ഇസ്രയേലിൽ എത്തും.കൈറോയിൽ ഹമാസ് സംഘവുമായി മധ്യസ്ഥ രാജ്യങ്ങൾ വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ടം സംബന്ധിച്ച ചർച്ചക്കും തുടക്കം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!