ലിബിയന്‍ പണമിടപാട്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ജയിലില്‍

പാരീസ്: പ്രചാരണത്തിനായി അന്തരിച്ച ലിബിയന്‍ സ്വേച്ഛാധിപതി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് സാമ്പത്തികസഹായം തേടിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ജയിലില്‍ ഹാജരായി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനായാണ് അദ്ദേഹം ജയിലില്‍ പ്രവേശിച്ചത്. ഇതോടെ, ജയിലിലാകുന്ന ആദ്യത്തെ ഫ്രഞ്ച് മുന്‍ പ്രസിഡന്റായി സര്‍ക്കോസി. പാരീസിലെ മൊണ്ട്പാര്‍നാസെ ജില്ലയിലുള്ള ലാ സാന്റേ ജയിലിലാണ് സര്‍ക്കോസി ശിക്ഷ അനുഭവിക്കേണ്ടത്. പ്രദേശിക സമയം രാവിലെ 09:40 നാണ് അദ്ദേഹം ജയിലില്‍ ഹാജരായത്.
ജയിലിലെ മറ്റ് തടവുകാര്‍ മയക്കുമരുന്ന് കച്ചവടക്കാരോ, ഭീകരവാദ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരോ ആയതിനാല്‍ സുരക്ഷയെ കരുതി സര്‍ക്കോസിയെ ജയിലിന്റെ ഐസൊലേഷന്‍ വിഭാഗത്തിലാണ് പാര്‍പ്പിക്കുക. ഏകാന്ത തടവിന് തുല്യമാണിത്. ജയിലില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി ഒരു ടോയ്‌ലെറ്റ്, കുളിക്കാനായി ഷവര്‍, മേശ, ഒരു ചെറിയ ഇലക്ട്രിക് ഹോബ്, ഒരു ചെറിയ ടിവി എന്നിങ്ങനെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ലഭിക്കു. ടി.വി ഉപയോഗിക്കുന്നതിന് പ്രതിമാസം 14 യൂറോ ഫീസ് അടയ്ക്കണം. എല്ലാദിവസവും ഒരുമണിക്കൂര്‍ വ്യായാമത്തിന് വേണ്ടി മാത്രമാകും അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കു.
ശിക്ഷയ്‌ക്കെതിരെ സര്‍ക്കോസി അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം ഇപ്പോഴും നിരപരാധിയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ജയിലില്‍ പ്രവേശിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പാരീസിലെ വീട്ടില്‍ നിന്ന് ഭാര്യ കാര്‍ള ബ്രൂണിയോടൊപ്പമാണ് സർക്കോസി ജയിലിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ നിന്ന് ഇറങ്ങിയ സര്‍ക്കോസിക്ക് അഭിവാദ്യം അര്‍പ്പിച്ച് നിരവധി അനുയായികള്‍ വീടിനുമുന്നില്‍ കാത്തുനിന്നിരുന്നു.
തടവില്‍ കഴിയുമ്പോള്‍ വായിക്കാന്‍ വേണ്ടി സര്‍ക്കോസി രണ്ട് പുസ്തകങ്ങള്‍ കൊണ്ടുപോയിരുന്നു: ജീന്‍-ക്രിസ്ത്യന്‍ പെറ്റിറ്റ്ഫില്‍സ് എഴുതിയ ‘ലൈഫ് ഓഫ് ജീസസ്’, തെറ്റായി തടവിലാക്കപ്പെട്ട ഒരാള്‍ രക്ഷപ്പെട്ട് പ്രോസിക്യൂട്ടര്‍മാരോട് പ്രതികാരം ചെയ്യുന്ന അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ ക്ലാസിക് കഥയായ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്നിവയാണവ. താന്‍ നിരപരാധിയാണെന്നാണ് സര്‍ക്കോസിയുടെ വാദം. ജയിലിലേക്ക് പോകും വഴി അദ്ദേഹം ‘എക്‌സി’ ല്‍ പോസ്റ്റ് ചെയ്ത സന്ദേശം ഇക്കാര്യം ആവര്‍ത്തിക്കുന്നതാണ്. ‘എനിക്ക് ഒരു സംശയവുമില്ല. സത്യം വിജയിക്കുകതന്നെ ചെയ്യും. പക്ഷേ അതിന് നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും,’ പുലര്‍ച്ചെ അവര്‍ തടവിലാക്കുന്നത് ഒരു മുന്‍ പ്രസിഡന്റിനെയല്ല, മറിച്ച് ഒരു നിരപരാധിയായ മനുഷ്യനെയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1945-ല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികളുമായി സഹകരിച്ചതിന് ഫിലിപ്പ് പെറ്റൈന്‍ എന്ന ഫ്രഞ്ച് നേതാവ് രാജ്യദ്രോഹത്തിന് തടവിലാക്കപ്പെട്ടതിനുശേഷം ഇതാദ്യമായാണ് ഒരു മുന്‍ ഫ്രഞ്ച് നേതാവ് ജയിലറയ്ക്കുള്ളിലാകുന്നത്. 2007 മുതല്‍ 2012 വരെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന സര്‍ക്കോസിക്കെതിരെ വേറെയും കേസുകളുണ്ട്. ‘ബൈഗ്മാലിയന്‍ അഫയര്‍’ എന്നറിയപ്പെടുന്ന മറ്റൊരു നിയമവിരുദ്ധ പ്രചാരണ ധനസഹായ കേസില്‍ ആറുമാസത്തെ ജയില്‍ ശിക്ഷ സര്‍കോസിക്കെതിരെയുണ്ട്. ഈ കേസില്‍ നല്‍കിയ അപ്പീലിന്മേലുള്ള വിധി അടുത്തമാസമാണ് പ്രസ്താവിക്കുക. രഹസ്യവിവരം ലഭിക്കുന്നതിനായി കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം കണങ്കാലില്‍ ഇലക്ട്രോണിക് ടാഗ് ധരിക്കേണ്ടി വന്നിരുന്നു.