സ്വപ്നയുടെ വിവാദ ശബ്ദരേഖ : അന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡിജിപിക്ക് ഇഡിയുടെ കത്ത്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന്‍ ആവശ്യപ്പെട്ട് ജയില്‍ ഡിജിപിക്ക് ഇഡിയുടെ കത്ത്. അന്വേഷണ റിപ്പോര്‍ട്ട് ഇഡിക്കും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ശബ്ദരേഖയെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി നിലപാട്. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയില്‍ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനോട് ഇഡി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ച്ചയില്‍ ജയില്‍ വകുപ്പിന്റെ പരാതിയില്‍ പൊലീസ് അന്വേഷണമുണ്ടാകില്ല. ജയിലില്‍ നിന്നല്ല ശബ്ദരേഖ ചോര്‍ന്നതെന്ന് ജയില്‍വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണിത്. സ്വപ്ന സുരേഷിന്റെ ശബ്ദമാണെന്ന് ഉറപ്പിക്കാനാവുന്നില്ലെന്നാണ് ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉറവിടം കണ്ടെത്തണമെന്ന് ജയില്‍ വകുപ്പിന്റെ ആവശ്യത്തില്‍ അന്വേഷണം തുടങ്ങാന്‍ പൊലീസും തയാറായിട്ടില്ല. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞു, ജയിലില്‍ നിന്നല്ല റെക്കോര്‍ഡ് ചെയ്തതെന്ന ജയില്‍ വകുപ്പ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജയില്‍വകുപ്പിന്‍റെ പരാതി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ പോലീസിനെ അറിയിച്ചത്. എജിക്കും ഇതേ നിലപാടാണുള്ളത്.

