KSDLIVENEWS

Real news for everyone

എത്തിയത് തൊപ്പി വേണമെന്ന് പറഞ്ഞ്, സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണി; ചില അധ്യാപകരെ പേരെടുത്ത് തിരക്കി

SHARE THIS ON

തൃശ്ശൂര്‍: എയര്‍ഗണ്ണുമായെത്തി പൂര്‍വവിദ്യാര്‍ഥി വെടിവെപ്പ് നടത്തിയതിന്റെ നടുക്കത്തിലാണ് തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നടന്ന സംഭവം നാട്ടുകാരെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തി.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം സ്വദേശി ജഗന്‍ സ്‌കൂളിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സ്റ്റാഫ് റൂമിലേക്കാണ് ഇയാള്‍ ആദ്യം വന്നതെന്നാണ് സ്‌കൂളിലെ ജീവനക്കാര്‍ പറയുന്നത്. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു.

പ്രതിയായ പൂര്‍വവിദ്യാര്‍ഥി രണ്ടുകൊല്ലം മുന്‍പാണ് പഠനം അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. രണ്ടുകൊല്ലം മുന്‍പ് തന്റെ കൈയില്‍നിന്ന് വാങ്ങിവെച്ച തൊപ്പി വേണമെന്നാണ് ഇയാള്‍ ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ബാഗില്‍നിന്ന് തോക്കെടുത്ത് ഇവര്‍ക്ക് നേരേ ചൂണ്ടുകയുമായിരുന്നു. ഇതിനുശേഷമാണ് ചില അധ്യാപകരെ പേരെടുത്ത് ചോദിച്ച് ക്ലാസ്മുറികളില്‍ കയറിയത്. തുടര്‍ന്ന് ക്ലാസ്മുറികളില്‍വെച്ചും ഇയാള്‍ വെടിയുതിര്‍ത്തെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിയായ മുളയം സ്വദേശി ജഗന്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ ലഹരി ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നും സംശയമുണ്ട്.

തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടു, സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി- അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍

രാവിലെ പത്തേകാലിന് കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നതിനിടെയാണ് പ്രിന്‍സിപ്പല്‍ പത്മജ ടീച്ചര്‍ പേടിച്ചിട്ട് ഓടിവന്നത്. ഒരാള്‍ തോക്കുചൂണ്ടി വരുന്നുണ്ടെന്നാണ് ടീച്ചര്‍ പറഞ്ഞത്. പത്മജ ടീച്ചര്‍ ആ കുട്ടിയെ പഠിപ്പിക്കാത്തതിനാല്‍ അവര്‍ക്ക് ആ കുട്ടിയെ അറിയില്ല. ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോളാണ് ഈ പൂര്‍വവിദ്യാര്‍ഥിയാണെന്ന് മനസിലായത്. ഇയാള്‍ മുന്‍പും സ്‌കൂളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളതാണ്. അധ്യാപകരെ ഒന്നടങ്കം അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. രണ്ടാംവര്‍ഷ പരീക്ഷയും എഴുതിയിരുന്നില്ല. ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ആ കുട്ടി ഇരച്ചുകയറി വരികയും തൊപ്പി വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വകവെയ്ക്കാതെ ക്ലാസ്മുറികളില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും നാലുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു.

സ്റ്റാഫ്‌റൂമില്‍നിന്ന് പ്ലസ്ടു ക്ലാസുകളിലേക്കാണ് പോയത്. കാണിച്ചുതരാം, ഈ സ്‌കൂള്‍ കത്തിക്കും എന്നായിരുന്നു ഭീഷണി. രാമദാസ് എന്ന അധ്യാപകനെ ചോദിച്ചാണ് അയാള്‍ ക്ലാസുകളിലേക്ക് പോയത്. അദ്ദേഹം ഇന്ന് യുവജനോത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലാണ്. ഒരുപക്ഷേ, അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് നേരേ വെടിപൊട്ടിച്ചേനെ. മുന്‍പ്രിന്‍സിപ്പല്‍ വേണുമാഷിനെയും അയാള്‍ അന്വേഷിച്ചിരുന്നു. ഇവരെ കാണാതായതോടെയാകണം അയാള്‍ ക്ലാസ്മുറികളില്‍ കയറിയത്.


കുട്ടികള്‍ പ്രാങ്ക് ആണെന്ന് കരുതി, പിന്നാലെ വെടിപൊട്ടിച്ചു- അധ്യാപിക

ക്ലാസെടുക്കുന്നതിനിടെയാണ് പൂര്‍വവിദ്യാര്‍ഥി ക്ലാസ്മുറിയില്‍ കയറി വെടിയുതിര്‍ത്തതെന്ന് സ്‌കൂളിലെ അധ്യാപിക പ്രീത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ക്ലാസിന്റെ വാതിലടച്ചിരുന്നു. വാതില്‍ തുറന്ന് ഇയാള്‍ വന്നപ്പോള്‍ എന്താണെന്ന് ചോദിച്ചു. അയാള്‍ ക്ലാസില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് ഒരു അധ്യാപകനെയാണ് ചോദിച്ചത്. സംഭവം കണ്ടപ്പോള്‍ പ്രാങ്ക് ആണെന്നാണ് കുട്ടികളെല്ലാം ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കുട്ടികള്‍ ചിരിച്ചതിന് പിന്നാലെ അയാള്‍ തോക്ക് എടുത്ത് വെടി പൊട്ടിക്കുകയായിരുന്നു. അതോടെ കുട്ടികള്‍ ഭയന്നു. എല്ലാവര്‍ക്കും ഷോക്കായി. അയാള്‍ ക്ലാസ്മുറിയില്‍നിന്ന് ഇറങ്ങിയ ഉടന്‍ വാതിലടച്ചു. പിന്നാലെ അയാള്‍ മറ്റുക്ലാസുകളിലും കയറി വെടിയുതിര്‍ത്തതെന്നാണ് വിവരമെന്നും അധ്യാപിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!