70 കഴിഞ്ഞവര്‍ക്കുള്ള സൗജന്യചികിത്സ: കേന്ദ്രപദ്ധതി തുടങ്ങിയില്ല, കാരുണ്യയില്‍നിന്ന് പുറത്താകുകയുംചെയ്തു
ആലപ്പുഴ: വരുമാന പരിധിയില്ലാതെ, 70 വയസ്സുകഴിഞ്ഞ എല്ലാവർക്കും സൗജന്യചികിത്സ നല്‍കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി വയോവന്ദന കാർഡ് എടുത്തവർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) നിന്നു പുറത്തായി.
നിലവില്‍ കാസ്പില്‍ ഉള്‍പ്പെട്ട് സൗജന്യചികിത്സ ലഭിക്കുന്നവരാണ് ആയുഷ്മാൻഭാരത് പ്രധാനമന്ത്രി ജനാരോഗ്യ യോജന (പി.എം.ജെ.എ.വൈ.) യില്‍ രജിസ്റ്റർ ചെയ്തതോടെ സംസ്ഥാനത്തിന്റെ സൗജന്യ ചികിത്സയില്‍നിന്നു പുറത്തായത്.
കേന്ദ്രപദ്ധതിയില്‍ ഒരാള്‍ അംഗമായാല്‍ കാസ്പ് പദ്ധതിയില്‍നിന്ന് കുടുംബാംഗങ്ങളെല്ലാം പുറത്താകുകയും ചെയ്യും. കേന്ദ്രപദ്ധതി സംസ്ഥാനത്തു തുടങ്ങിയാലേ ഇവർക്കിനി സൗജന്യ ചികിത്സാപദ്ധതിയില്‍ വീണ്ടും അംഗമാകാനാകൂ. കേന്ദ്രനിർദേശം കിട്ടാത്തതും സംസ്ഥാനവിഹിതത്തിനു പണമില്ലാത്തതുമാണ് പദ്ധതി തുടങ്ങാത്തതിനു കാരണം.
അതിനാല്‍, കേന്ദ്രപദ്ധതിയുടെ രജിസ്ട്രേഷൻ ഇപ്പോള്‍ തുടങ്ങരുതെന്ന് സി.എസ്.സി. ഡിജിറ്റല്‍ സേവാ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവയ്ക്കു അധികൃതർ നിർദേശം നല്‍കിയിരുന്നു. എന്നാല്‍, ചില കേന്ദ്രങ്ങളും സംഘടനകളും പദ്ധതിയില്‍ ആളെ ചേർത്ത് വയോവന്ദന കാർഡ് എടുത്തുനല്‍കിയിരുന്നു.
സാമ്ബത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ എഴുപതുകഴിഞ്ഞവർ കാസ്പില്‍ അംഗമാണ്. അവർക്കു പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയ്ക്കു തടസ്സമില്ല. അതുകൊണ്ട് സംസ്ഥാന സർക്കാരിന്റെ നിർദേശമില്ലാതെ കേന്ദ്രപദ്ധതിയില്‍ ചേരരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
രണ്ടാഴ്ചമുൻപ് ചികിത്സ സൗജന്യം; ഇപ്പോള്‍ പണംവേണം
ചേർത്തല പാണാവള്ളി പുല്ലൂട്ടിക്കല്‍ ഗംഗാധരൻ ഹൃദ്രോഗിയാണ്. രണ്ടാഴ്ചമുൻപ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ സൗജ്യനചികിത്സയും കിട്ടി. ഡിസ്ചാർജ് ചെയ്ത് വന്നയുടൻ കേന്ദ്രസർക്കാരിന്റെ 70 കഴിഞ്ഞവർക്കുള്ള ഇൻഷുറൻസ് പദ്ധതിയില്‍ ചേർന്നു. വയോവന്ദന കാർഡും കിട്ടി.
കഴിഞ്ഞദിവസം വീണ്ടും നെഞ്ചുവേദന വന്നപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയ്ക്കു പണം നല്‍കേണ്ടിവന്നു. വയോവന്ദന കാർഡ് എടുത്തതോടെ കാസ്പ് കാർഡ് റദ്ദായി. ഫലത്തില്‍ രണ്ടുകാർഡില്‍നിന്നും സൗജന്യചികിത്സ കിട്ടാതായി. കാസ്പില്‍ അംഗമാകുന്നവർക്ക് സർക്കാരിന്റെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളില്‍ അംഗത്വം പാടില്ലെന്നു നിബന്ധനയുണ്ട്.