സജി ചെറിയാന്‍ മന്ത്രിയായി തുടരുന്നത് ശരിയല്ല; ഉചിതം രാജിവെക്കുന്നത് – കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഭരണഘടനാവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അന്വേഷണം നടക്കുമ്പോള്‍ സജി ചെറിയാന്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
മുമ്പ് അന്വേഷണം നടക്കുമ്പോള്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. സാങ്കേതികമായി, അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അദ്ദേഹം മന്ത്രിയായിരിക്കാന്‍ പാടില്ല. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോള്‍, ആ അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നില്‍ക്കുക എന്നതാണ് കീഴ്‌വഴക്കം. അതുകൊണ്ടുതന്നെ അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജിവെയ്ക്കില്ലെന്ന സജി ചെറിയാന്റെ നിലപാട് ധാര്‍മികമായി ശരിയല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അതിനെതിരേ പ്രതിഷേധമുണ്ടാകുമെന്നും വ്യക്തമാക്കി.
നേരത്തേ സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ പുനരഃന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.