കാസർകോട് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി

കാസർകോട്: വിദ്യാനഗർ ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി. മർദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്വാൻ കുന്നിലിനെ സസ്പെൻഡ് ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തർക്കത്തെതുടർന്നാണ് കോൺഗ്രസ് നേതാക്കൾ ഡിസിസി ഓഫീസിൽ ഏറ്റുമുട്ടിയത്. ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും കർഷക സംഘടനയുടെ ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. അടിപിടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സമൂഹമാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലുമായി തുടർന്ന തർക്കം ഒടുവിൽ ഡിസിസി ഓഫീസിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ജയിംസ് നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇദ്ദേഹം അടക്കം ഏഴു പേർ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിൽ നൽകി. അന്ന് തന്നോടൊപ്പം വന്ന ഏഴ് പേർക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് പന്തമാക്കൻ ഉന്നയിച്ചത്.
ഇതിനെ ഡിസിസി ഭാരവാഹികൾ എതിർത്തു. ചർച്ചയിൽ 5 സീറ്റ് നൽകാൻ ധാരണയായി. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലിനെതിരെ ജയിംസും ഒപ്പമുള്ളവരും വിമർശനം ഉന്നയിച്ചതോടെ നൽകുന്ന സീറ്റ് രണ്ടാക്കി ചുരുക്കാൻ ഡിസിസി നേതൃത്വം തീരുമാനിച്ചു. ഇതേ തുടർന്ന് വ്യാഴാഴ്ച രാവിലെ ഡിസിസി ഓഫീസിൽ നടന്ന വാക്കേറ്റവും തർക്കങ്ങളുമാണ് അടിയിൽ കലാശിച്ചത്. തുടർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞിരുന്നു. ലിജുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കൾ ഏറ്റുമുട്ടിയത്.

