KSDLIVENEWS

Real news for everyone

ജില്ലയിൽ 3438 നാമനിർദേശ പത്രികകൾ: 2710 സ്ഥാനാർഥികൾ  
പത്രിക സമർപ്പിച്ചു

SHARE THIS ON

കാസർകോട്: തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസരം വെള്ളിയാഴ്ച അവസാനിക്കും.

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 3438 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. 2710 സ്ഥാനാർഥികളാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. ജില്ലാപഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ 12 നാമനിർദേശപത്രികകൾ സമർപ്പിച്ചു. കളക്ടർ കെ.ഇമ്പശേഖറിനും ഉപവരണാധികാരി എംഡിഎം പി.അഖിലിനുമാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്. ജില്ലാപഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്കായി ഇതുവരെ 49 നാമനിർദേശ പത്രികകൾ ലഭിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 70, പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ 49, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ 33, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 24, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ 43, കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ 45 നാമനിർദേശ പത്രികകളും സമർപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ 164, നീലേശ്വരം നഗരസഭയിൽ 13, കാസർകോട് നഗരസഭയിൽ 68 നാമനിർദേശ പത്രികകളും വ്യാഴാഴ്ച ലഭിച്ചു. ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 24 വരെയാണ് പത്രിക പിൻവലിക്കാനുള്ള അവസരം.

അവസാനദിവസത്തെ പത്രികാ സമർപ്പണം: തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ

: നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച തിരക്കുകൾ ഒഴിവാക്കാനായി കളക്ടറേറ്റിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെയാണ് പത്രികകൾ സമർപ്പിക്കാനുള്ള സമയം. പത്രികാ സമർപ്പണത്തിനായി പ്രകടനമായെത്തുന്നവരെ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റർ അകലെ അതായത് സിവിൽസ്റ്റേഷന്റെ പ്രധാന ഗേറ്റിന് മുൻവശം വരെ മാത്രമായിരിക്കും അനുവദിക്കുക.പത്രിക സമർപ്പണത്തിനായി വരുന്ന വാഹനങ്ങളിൽ ഒരു സ്ഥാനാർഥിയുടെ കൂടെ മൂന്ന് വാഹനങ്ങൾക്കുമാത്രമേ പ്രവേശനം സിവിൽ സ്റ്റേഷന് അകത്തേക്ക് അനുവദിക്കുകയുള്ളൂ.സ്ഥാനാർഥികൾ രാവിലെ 11 മുതൽ കളക്ടറേറ്റിലെ താഴത്തെ നിലയിലുള്ള മിനി കോൺഫറൻസ് ഹാളിൽ പത്രികസഹിതം എത്തിച്ചേർന്ന് ടോക്കൺ കൈപ്പറ്റണം. ഇതനുസരിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ വരണാധികാരിയായ കളക്ടറുടെയോ ഉപവരണാധികാരികൂടിയായ എഡിഎമ്മിന്റെയോ ഒന്നാംനിലയിലുള്ള ചേമ്പറിൽ നാമനിർദേശപത്രിക സമർപ്പിക്കേണ്ടത്. സ്ഥാനാർഥി ഉൾപ്പെടെ അഞ്ചുപേരെ മാത്രമേ ചേമ്പറിൽ പ്രവേശിപ്പിക്കുകയുള്ളൂ. നാമനിർദേശപത്രികകൾ സമർപ്പിക്കുന്നവരോ അവരുടെ നിർദേശകരോ ജില്ലാപഞ്ചായത്ത് വരണാധികാരിയുടെയോ (കളക്ടർ) ഉപവരണാധികാരിയുടെയോ (എഡിഎം) ചേമ്പറിൽ വൈകിട്ട് മൂന്നിന് സന്നിഹിതരാകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!