യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വന്‍ തീപ്പിടുത്തം; ഉച്ചകോടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

റിയോ ഡി ജനീറോ: ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വന്‍ തീപ്പിടുത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയില്‍ നിന്നുള്ള 20 മാധ്യമപ്രവര്‍ത്തകരും അടക്കം ഉച്ചകോടിക്കെത്തിയിരുന്നു. COP-30 ല്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ആതിഥേയത്വം വഹിക്കുന്നത്.അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപ്പിടിത്തത്തെത്തുടര്‍ന്ന് ഉച്ചകോടി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഫോസില്‍ ഇന്ധനങ്ങള്‍, കാലാവസ്ഥാ ധനസഹായം എന്നിവയെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടക്കവേയായിരുന്നു സംഭവം.
ഉച്ചകോടി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വേദിയില്‍ തീപിടിത്തമുണ്ടായത്.തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബ്രസീല്‍ ടൂറിസം മന്ത്രി സെല്‍സോ സാബിനോ അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിയാണ് COP (Conference of the Parties).
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതില്‍ നിന്ന് മാറാനുമുള്ള കൃത്യമായ രൂപരേഖ തയ്യാറാക്കാന്‍ ബ്രസീലിന്റെ നേതൃത്വത്തില്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുകയാണ്. എന്നാല്‍, എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുന്നു.സമ്പന്ന രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മില്‍ കാലാവസ്ഥാ ധനസഹായത്തെ ചൊല്ലി തര്‍ക്കങ്ങളും നിലവിലുണ്ട്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉച്ചകോടിയില്‍ നിര്‍ണായകമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി.ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മാറ്റത്തിന് വ്യക്തത വരുത്താനുള്ള നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ഭൂമിയിലെ താപനില വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിര്‍ത്താന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ലോകം ബെലെമിനെ ഉറ്റുനോക്കുകയാണ്, എല്ലാ പ്രതിനിധികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണംമെന്നും എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

