KSDLIVENEWS

Real news for everyone

സമ്ബൂര്‍ണ വാക്സിനേഷന്‍ 75ശതമാനം; കേരളം ദേശീയ ശരാശരിയെക്കാള്‍ വളരെ മുന്നില്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ വാക്സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം (2,60,09,703) പേര്‍ക്ക് ആദ്യ ‌ഡോസ് വാക്സിനും 75 ശതമാനം (2,00,32,229) പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നല്‍കിയത്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ നല്‍കിയത് 88.33 ശതമാനവും രണ്ടാം ഡോസ് നല്‍കിയത് 58.98 ശതമാനവും മാത്രമാണ്. ഈ സാഹചര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ വളരെ മുന്നിലാണ്.

നിലവില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയില്‍ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയില്‍ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 97 ശതമാനം പേരുമാണ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ളത്. 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട് ജില്ലയാണ് സമ്ബൂര്‍ണ വാക്‌സിനേഷനില്‍ മുന്നിലുള്ളത്. 83 ശതമാനം പേര്‍ക്ക് സമ്ബൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകില്‍. ആരോഗ്യ പ്രവര്‍ത്തരും കൊവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ വാക്‌സിനെടുത്തത്. സ്ത്രീകള്‍ 2,40,42,684 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 2,19,87,271 ഡോസ് വാക്‌സിനുമാണെടുത്തത്.

ഒമിക്രോണ്‍ സാഹചര്യത്തില്‍ പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട് എന്നും മന്ത്രി അറിയിച്ചു.

രണ്ടാം ‌ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ ആരും ഒട്ടും കാലതാമസം വരുത്തരുത്. കൊവിഡ് ബാധിച്ചവര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍ മതി. കൊവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!