ജെ.എൻ-1: വലിയ അപകടസാധ്യതയില്ല, ഇന്ത്യയിൽ സജീവ കോവിഡ് കേസുകൾ കുറവ്
ന്യൂഡൽഹി: കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമായി നടന്ന അടിയന്തര കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിർദേശം.
മൂന്നുമാസത്തിലൊരിക്കൽ മോക് ഡ്രിൽ നടത്തണം, രോഗലക്ഷണങ്ങൾ, കേസിന്റെ തീവ്രത എന്നിവ നിരീക്ഷിക്കണം. പോസിറ്റീവ് സാംപിളുകൾ ഇൻസാകോഗിലേക്ക് അയക്കണം. മരുന്ന്, ഓക്സിജൻ സിലിൻഡർ, വെന്റിലേറ്റർ, പ്രതിരോധകുത്തിവെപ്പ് എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. കോവിഡ് കേസുകളുടെ തത്‌സ്ഥിതി കണക്ക് ദിവസവും വെബ്‌സൈറ്റുകളിൽ അപ്‌ഡേറ്റ് ചെയ്യണം.
ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ സജീവ കേസുകൾ കുറവാണെങ്കിലും രണ്ടാഴ്ചയ്ക്കിടെ എണ്ണം 614 ആയി ഉയർന്നിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗസ്ഥിരീകരണ വർധിച്ചിരിക്കുന്നത്. 92 ശതമാനം കേസുകളും ഒറ്റപ്പെട്ടവയാണ്. ക്ലസ്റ്ററുകൾ എവിടെയും രൂപപ്പെട്ടിട്ടില്ല.
ജെ.എൻ-ഒന്ന് എന്ന പുതിയ വകഭേദത്തെക്കുറിച്ച് ഇന്ത്യയിലെ ശാസ്ത്രലോകം പഠിച്ചുവരികയാണെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ പറഞ്ഞു. സംസ്ഥാനങ്ങൾ പരിശോധന കൂട്ടണമെന്നും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിമാരായ പ്രൊഫ. എസ്.പി. സിങ് ബാഗേൽ, ഡോ. ഭാരതി പ്രവീൺ പവാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജെ.എൻ-1: വലിയ അപകടസാധ്യതയില്ല
ഒമിക്രോൺ ഉപവകഭേദം ജെ.എൻ-1നെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. ഇത് ആഗോളതലത്തിൽ വലിയ അപകടസാധ്യത ഉയർത്തുന്നില്ലെന്നും വിലയിരുത്തി. പ്രതിരോധകുത്തിവെപ്പ് ജെഎൻ-1ൽനിന്നുള്ള ഗുരുതരമായ പ്രശ്നങ്ങളെ ചെറുക്കുന്നുണ്ടെന്നും യു.എൻ. ഏജൻസി അറിയിച്ചു.
ജെ.എൻ-1 വകദേഭം 2023 സെപ്റ്റംബറിൽ യു.എസിലാണ് ആദ്യം കണ്ടെത്. വൈറസുകളെ വേരിയന്റ് ഓഫ് കൺസേൺ, വേരിയന്റ് ഓഫ് ഇൻട്രസ്റ്റ് എന്നിങ്ങനെ രണ്ട് വിഭാഗത്തിലാണ് പെടുത്തുക. അതിതീവ്രവ്യാപന ശേഷിയുള്ളതും മരണകാരി ആകാൻ സാധ്യതയുള്ളതുമായ വൈറസുകളെയാണ് വേരിയന്റ് ഓഫ് കൺസേണിൽ ഉൾപ്പെടുത്തുക. കോവിഡിന്റെ ആൽഫ, ബീറ്റാ ഗാമ വേരിയന്റുകൾ, വേരിയന്റ് ഓഫ് കൺസേണാണ്.
താരതമ്യേന അപകടകാരി അല്ലാത്ത വൈറസുകളാണ് വേരിയന്റ് ഓഫ് ഇൻട്രസ്റ്റ് വിഭാഗത്തിൽ. ഏറ്റ, അയോട്ട, കാപ്പ വകഭേദങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. രാജ്യത്ത് കേരളത്തിനുപുറമേ ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ജെ.എൻ-1 സ്ഥിരീകരിച്ചിട്ടുണ്ട്”
https://www.mathrubhumi.com/health/news/covid-s-jn-1-variant-in-india-1.9173941#:~:text=Login,%E0%B4%8E%E0%B5%BB%2D1%20%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D