KSDLIVENEWS

Real news for everyone

സമ്പൂര്‍ണ തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറാൻ കോണ്‍ഗ്രസ് തീരുമാനം; വാർ റൂമിൽ കനുഗോലു, ഭാരത് ജോഡോ 2.0 ഉടൻ

SHARE THIS ON

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് പൂര്‍ണമായും സജ്ജമാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി യോഗം വിലയിരുത്തി. തോല്‍വിയിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഹ്വാനം ചെയ്തു. ഒരു കാലതാമസവുമില്ലാതെ കോണ്‍ഗ്രസ് പൂര്‍ണമായും തിരഞ്ഞെടുപ്പ് മോഡിലായിരിക്കുമെന്ന് യോഗശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.
ഭാരത് ജോഡോ യാത്രയുടെ രണ്ടാഘട്ടം ഉടന്‍ ഉണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ലോക്‌സഭാ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. വൈകാതെ തന്നെ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.


പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയെ അപലപിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കുകയും ചെയ്തു. ജനാധിപത്യംതന്നെ അക്രമിക്കപ്പെടുന്നു. ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.


‘കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിനോടകം തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. സ്‌ക്രീനിങ് കമ്മിറ്റി ഈ മാസം രൂപവത്കരിക്കും. രണ്ട് ദിവസത്തിനകം പ്രകടനപത്രിക സമിതി രൂപീകരിക്കും’, വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സംസ്ഥാന തലത്തില്‍ സഖ്യമുണ്ടാക്കും. സഖ്യരൂപീകരണത്തിനുള്ള സമിതിയെ ഇതിനോടകം രൂപവത്കരിച്ചുകഴിഞ്ഞു. പാര്‍ട്ടി സംസ്ഥാനഘടകങ്ങളുമായി സമിതി ചര്‍ച്ചകള്‍ നടത്തി സഖ്യം സംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

‘കിഴക്കുനിന്ന് പടിഞ്ഞാറേക്ക് രണ്ടാം ഭാരത് ജോഡോയാത്ര നടത്തണമെന്ന് രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും ആവശ്യമുയരുന്നുണ്ടെന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. അതിന് ശേഷം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഏകകണ്ഠമായി രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചു. യാത്രയുടെ വിശദാംശങ്ങളും യാത്രയുടെ തീരുമാനവും കാലതാമസം കൂടാതെ ഉണ്ടാകും’, വേണുഗോപാല്‍ പറഞ്ഞു.

ബിജെപിക്കെതിരാണ് രാജ്യത്തിന്റെ മാനസികാവസ്ഥ. ഏകാധിപത്യ ഭരണകൂടത്തിനെതിരെയാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പോരാടാന്‍ പോകുന്നതെന്ന് ബോധ്യം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുനില്‍ കനുഗോലുവിന് പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതിന്റെ സാമൂഹിക മാധ്യമ പ്രചാരണങ്ങളുടെ ചുമതലയും നല്‍കിയതായാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കര്‍ണാടക, തെലങ്കാന തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് വിജയത്തില്‍ കനുഗോലു നിര്‍ണായക പങ്കുവഹിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കാന്‍ കനുഗോലുവിന്റെ നേതൃത്വത്തില്‍ ഉടന്‍ ഒരു വാര്‍ റൂം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ കൂടാതെ ഹരിയാണ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലയും കനുഗോലുവിനാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും മറ്റു മുതിര്‍ന്ന നേതാക്കളുമായും കനുഗോലു അടുത്തിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!