അസദ് വീണതോടെ വിപ്ലവം അവസാനിച്ചു; ഇനി രാഷ്ട്രപുനര്‍നിര്‍മാണം: അബൂ മുഹമ്മദ് അല്‍ ജൂലാനി
ദമസ്‌ക്‌സ്: ബശ്ശാറുല്‍ അസദ് അധികാരത്തില്‍ നിന്ന് പുറത്തായതോടെ സിറിയയിലെ വിപ്ലവം അവസാനിച്ചിച്ചെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി.
ഇനി അത് മറ്റു പ്രദേശങ്ങളിലേക്ക് പടരാന്‍ അനുവദിക്കില്ല. ഏതെങ്കിലും അറബ് രാജ്യങ്ങളെയോ ഗള്‍ഫ് രാജ്യങ്ങളെയോ ഭീഷണിപ്പെടുത്താന്‍ സിറിയയുടെ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല. അറബ് രാജ്യങ്ങളെ നിയന്ത്രിക്കാനും യുദ്ധം പടര്‍ത്താനും സിറിയയെ ഇറാന്‍ ഉപയോഗിച്ചെന്നും അല്‍ ജൂലാനി പറഞ്ഞു. ഇറാന്റെ അര്‍ധസൈനിക വിഭാഗങ്ങളെ പുറത്താക്കിയതിലൂടെ പ്രദേശത്തിന്റെ താല്‍പര്യം സംരക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അബൂ മുഹമ്മദ് അല്‍ ജൂലാനിയുമായി യുഎസ് നയതന്ത്ര പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തി. സമാധാനപരമായ അധികാര കൈമാറ്റം, പ്രാദേശിക വികസനം തുടങ്ങിയ കാര്യങ്ങള്‍ അല്‍ ജൂലാനിയുമായി ചര്‍ച്ച ചെയ്‌തെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ബശ്ശാറുല്‍ അസദിന്റെ കാലത്ത് സിറിയയില്‍ കാണാതായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ആസ്റ്റിന്‍ ടൈസിനെയും മാജിദ് കമല്‍മാസിനെയും കണ്ടെത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യന്‍ പ്രതിനിധിയായ ബാര്‍ബര ലീഫ്, ബന്ദി മോചന പ്രതിനിധി റോജര്‍ കാസ്റ്റന്‍, മുതിര്‍ന്ന ഉപദേഷ്ടാവ് ഡാനിയല്‍ റൂബെന്‍സ്റ്റെന്‍ എന്നിവരാണ് ജൂലാനിയെ കണ്ടത്. സിറിയന്‍ സമൂഹത്തിലെ വിവിധ ആക്ടിവിസ്റ്റുകളുമായും ഈ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ വാര്‍ത്താ സമ്മേളനം നടത്തിയില്ല. അയല്‍രാജ്യങ്ങളുമായി സിറിയ നല്ല ബന്ധം പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ ഉന്നയിച്ചെന്ന് യുഎസ് അറിയിച്ചു.
അതേസമയം, ദൈയ്ര്‍ ഇസ്സര്‍ പ്രവിശ്യയില്‍ മുതിര്‍ന്ന ഐഎസ് നേതാവിനെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തി. ഈ പ്രവിശ്യയില്‍ തടവിലിട്ടിരിക്കുന്ന 8,000 ഐഎസ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ അബൂ യൂസഫ് എന്ന നേതാവിനെയാണ് വ്യോമാക്രമണത്തില്‍ കൊന്നതെന്ന് യുഎസ് അവകാശപ്പെട്ടു.
സിറിയയില്‍ 2,000 സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാറ്റ് റയ്ഡര്‍ പറഞ്ഞു. സിറിയയിലെ ഐഎസിനെയും കുര്‍ദ് വിമതരെയും പൂര്‍ണമായും തുടച്ചുനീക്കുമെന്ന് തുര്‍ക്കിയും പ്രഖ്യാപിച്ചു.