മരണപ്പാച്ചില്‍; പോലീസ് സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി, ലൈസൻസ് കാണിക്കാതെ തട്ടിക്കയറി ഡ്രൈവര്‍
എലത്തൂർ: അപകടമുണ്ടാക്കുംവിധം അതിവേഗത്തില്‍ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പോലീസ്. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കൃതിക ബസ്സിനെതിരേയാണ് നടപടി. വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് എസ്.ഐ. കെ.എ. അജിത്ത് കുമാർ പുതിയനിരത്ത് വെച്ച് ബസിന് കൈകാണിച്ചെങ്കിലും നിർത്താതെ കടന്നുപോയതിനെത്തുടർന്ന് കോട്ടേടത്തു ബസാറില്‍ വെച്ച് പിടികൂടുകയായിരുന്നു. എസ്.ഐ. ആവശ്യപ്പെട്ടിട്ടും ലൈസൻസ് കാണിക്കാൻ ഡ്രൈവർ തയ്യാറായില്ല. ഇയാള്‍ പോലീസിനോട് തട്ടിക്കയറി. ഇതോടെ നാട്ടുകാരും പോലീസിനൊപ്പം ചേർന്നു.
അശ്രദ്ധമായി അപകടം ഉണ്ടാക്കുംവിധം വാഹനം ഓടിച്ചതിന് ഡ്രൈവർ കണ്ണൂർ ചൊവ്വ സ്വദേശി കരുവത്ത് മൃതുൻ (24) നെതിരേ പോലീസ് കേസെടുത്തു. വേഗനിയന്ത്രണം പാലിക്കാതെ സ്വകാര്യ ബസുകളുടെ മത്സരഓട്ടം പതിവായതോടെ ദേശീയ പാതയില്‍ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ബസിലെ എയർ ഹോണ്‍ അഴിപ്പിച്ച പോലീസ് പതിനായിരം രൂപ പിഴയും ഈടാക്കി.