വരി തെറ്റിച്ചത് ചോദ്യംചെയ്തു; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിന്റെ ക്രൂര മർദ്ദനം

ന്യൂഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ചെന്ന് ആരോപണം. സെക്യൂരിറ്റി ചെക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണു മർദനത്തിൽ കലാശിച്ചതെന്നാണു വിവരം. അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് പൈലറ്റിൽനിന്ന് ദുരനുഭവമുണ്ടായത്. അങ്കിതിനെ മർദിച്ച വീരേന്ദ്രർ സേജ്‌വാൾ എന്ന പൈലറ്റിനെ ഡ്യൂട്ടിയിൽനിന്ന് നീക്കി.
താനും കുടുംബവും കടന്നുപോയ ദുരനുഭവത്തെക്കുറിച്ച് അങ്കിത് സമൂഹമാധ്യമമായ എക്സിൽ കുറിച്ചിട്ടുണ്ട്. പൈലറ്റിൽനിന്ന് ക്രൂരമർദനം നേരിട്ടെന്നാണു അങ്കിത് ദിവാൻ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ‘‘4 മാസം പ്രായമുള്ള കുട്ടി കൂടെയുള്ളതിനാൽ ജീവനക്കാരുടെ സെക്യൂരിറ്റി ചെക്ക് (പിആർഎം ചെക്ക്) ഉപയോഗിക്കാനായിരുന്നു നിർദേശം. എന്നാൽ അവിടെ ജീവനക്കാർ വരിതെറ്റിച്ച് മുന്നിൽ കയറുന്നുണ്ടായിരുന്നു. ഇത് ഞാൻ ചോദ്യം ചെയ്തു. ഇതോടെ ക്യാപ്റ്റൻ വീരേന്ദ്രർ സേജ്‍വാൾ ദേഷ്യപ്പെടുകയായിരുന്നു. നിരക്ഷരനാണോയെന്നും ജീവനക്കാർക്കു മാത്രമുള്ള വരിയാണിതെന്ന് എഴുതിയ ബോർഡ് വായിച്ചില്ലേയെന്നും പൈലറ്റ് ചോദിച്ചു. തുടർന്ന് വാക്കുതർക്കം ഉണ്ടായി. ഇതോടെ പൈലറ്റ് എന്നെ ശാരീരികമായി ആക്രമിക്കുകയും ഞാൻ രക്തത്തിൽ കുളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഷർട്ടിലെ രക്തം എന്റേതാണ്’’– രക്തം പുരണ്ട തന്റെ മുഖത്തിന്റെയും സേജ്‍വാളിന്റെയും ചിത്രങ്ങൾ സഹിതം ദിവാൻ പോസ്റ്റ് ചെയ്തു.
‘‘എന്റെ അവധിക്കാല യാത്ര നശിച്ചു. ഞാൻ ആദ്യം ചെയ്തത് ഒരു ഡോക്ടറെ കാണുകയായിരുന്നു. സ്വന്തം അച്ഛൻ ക്രൂരമായി ആക്രമിക്കപ്പെടുന്നതു കണ്ട എന്റെ 7 വയസ്സുകാരിയായ മകൾ ഇപ്പോഴും മാനസികാഘാതത്തിലും ഭയത്തിലുമാണ്. എങ്ങനെയാണ് ഇത്തരം പൈലറ്റുമാരെ വിമാനം പറത്താൻ അനുവദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കയ്യാങ്കളിക്കിടയിൽ ശാന്തരായിരിക്കാൻ കഴിയില്ലെങ്കിൽ, ആകാശത്ത് നൂറുകണക്കിന് ആളുകളുടെ ജീവൻ അവരെ എങ്ങനെ വിശ്വസിച്ചേൽപ്പിക്കാനാകും?’’ – അങ്കിത് ദിവാൻ എക്സിൽ കുറിച്ചു.

