നാളെ നിയന്ത്രണങ്ങളുടെ ആദ്യ ഞായര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസ് പരിശോധനകളുണ്ടാകും.
അവശ്യ സർവീസുകൾക്ക് ഇളവ്
- വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർ.
- അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
- ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാൽ വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.
- ഞായറാഴ്ച ജോലിചെയ്യേണ്ടവർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.
- പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ കൈവശംവെച്ച് യാത്രചെയ്യാം.
- ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം.
രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്നവ
- റെസ്റ്റോറന്റുകൾ, ബേക്കറികൾ പാഴ്സലുകൾക്കായി തുറക്കാം.
- പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ.
- കൂറിയർ, ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ.
പി.എസ്.സി. പരീക്ഷകളിൽ മാറ്റം
തിരുവനന്തപുരം: ഞായറാഴ്ചകളിൽ നിയന്ത്രണം കടുപ്പിച്ചതിനാൽ ജനുവരി 23, 30 തീയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി. 23-ന് നിശ്ചയിച്ചിരുന്ന മെഡിക്കൽ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23-നുള്ള ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2 പരീക്ഷകൾ ജനുവരി 28-നായിരിക്കും. 30-ന് നിശ്ചയിച്ച വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്കരിച്ച ദിവസക്രമം പി.എസ്.സി.യുടെ വെബ്സൈറ്റിലുണ്ട്.
കോവിഡ് വ്യാപനംതീവണ്ടികൾ റദ്ദാക്കി
തിരുവനന്തപുരം/കൊച്ചി: കോവിഡ് വ്യാപനതീവ്രത കൂടിയതോടെ എട്ടു തീവണ്ടികൾ റദ്ദാക്കിയതായി ദക്ഷിണറെയിൽവേ അധികൃതർ അറിയിച്ചു.
റദ്ദാക്കിയ വണ്ടികൾ
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366), കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425), കോട്ടയം-കൊല്ലം അൺറിസർവ്ഡ് (06431), തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435), മംഗളൂരു സെൻട്രൽ കോഴിക്കോട് എക്സ്പ്രസ് (16610), കോഴിക്കോട് -കണ്ണൂർ എക്സ്പ്രസ് സെപ്ഷ്യൽ (06481), കണ്ണൂർ-ചെറുവട്ടൂർ എക്സ്പ്രസ് സ്പെഷ്യൽ (06469), ചെറുവട്ടൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ (06491)

