യമനില്‍ ബോംബ് വര്‍ഷം; സൗദി വ്യോമാക്രമണത്തില്‍ വന്‍ ആള്‍നാശം

ദുബായ് : വടക്കന്‍ യമനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലില്‍ സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി). സാദ പ്രവിശ്യയിലെ ജയിലിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ എണ്ണമോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും യമനിലെ ഐസിആര്‍സി വക്താവ് ബഷീര്‍ ഒമര്‍ പറഞ്ഞു.
രണ്ട് ആശുപത്രിയിലായി ഇരുനൂറിലധികം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവരില്‍ ചിലരെ റെഡ് ക്രോസ് മറ്റൊരു പ്രവിശ്യയിലെ കേന്ദ്രത്തിലേക്ക് മാറ്റി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
തുറമുഖ നഗരമായ ഹൊദൈദയില്‍ നടന്ന മറ്റൊരു വ്യോമാക്രമണത്തിന് പിന്നാലെ യമനില്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെയും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

