ശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ക്കും വന്ദേഭാരത് കോച്ചുകള്‍ വരുന്നു

പരവൂർ: ശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ക്കും ആധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് കോച്ചുകള്‍ വരുന്നു. ഇതിനായുള്ള സമയബന്ധിതമായ പദ്ധതികള്‍ റെയില്‍വേ മന്ത്രാലയം തയാറാക്കി.
കോച്ചുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്) അധികൃതർ വ്യക്തമാക്കി.
കോച്ച് നിർമാണത്തിനുള്ള ടെന്റർ നടപടികള്‍ പൂർത്തിയായിവരികയാണെന്നും അധികൃതർ അറിയിച്ചു. വിവിധ റെയില്‍വേ വർക്ക്ഷോപ്പുകളിലായി വന്ദേഭാരത് ചെയർകാർ തീവണ്ടിയുടെ 1500 കോച്ചുകള്‍കൂടി നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
വന്ദേഭാരത് കോച്ചുകള്‍ ഘടിപ്പിക്കുമ്പോള്‍ ശതാബ്ദി എക്സ്പ്രസുകള്‍ക്ക് എൻജിൻ വേണോഎന്നത് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു.
720 കോച്ചുകള്‍ പെരമ്പൂർ ഐസിഎഫിലും ബാക്കി കപൂർത്തല റെയില്‍ കോച്ച് ഫാക്ടറിയിലും റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലുമാണ് നിർമിക്കുക.
88 തീവണ്ടികള്‍ക്ക് ആവശ്യമായ 1500 കോച്ചുകള്‍ 2030-നകം നിർമിക്കാനാണ് പദ്ധതി.
16 കോച്ചുകളുള്ള ശതാബ്ദി തീവണ്ടികളും 20 കോച്ചുകളുള്ള ശതാബ്ദി വണ്ടികളുമുണ്ട്. വന്ദേഭാരത് ചെയർ കോച്ചുകളുള്ള തീവണ്ടികള്‍ രാജ്യത്ത് 164 സർവീസുകളാണ് നടത്തുന്നത്. ഇവയുടെ എണ്ണം അടുത്ത രണ്ട് വർഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം.

