യുഎഇയുടെ സ്വപ്ന പദ്ധതി; മൂന്ന് എമിറേറ്റുകളെ ബന്ധിപ്പിച്ച് ഇത്തിഹാദ് റെയിലിന്റെ ആദ്യ റൂട്ട്

അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റൂട്ട് പ്രഖ്യാപിച്ചു. അബുദാബി, ദുബായ്, ഫുജൈറ എന്നീ എമിറേറ്റുകളെയാണ് ആദ്യ റൂട്ടിലൂടെ ബന്ധിപ്പിക്കുക. രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളെ കിഴക്കൻ തീരങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമാകുന്നതോടെ ദൈനംദിനയാത്രകൾ കൂടുതൽ സുഗമമാകും. അബുദാബി-ദുബായ് റൂട്ടിൽ പതിവ് സർവീസുകളുണ്ടാകും. ഇത് ഇരു എമിറേറ്റുകളിലെയും ഗതാഗത, വാണിജ്യ മേഖലകൾക്ക് ഉത്തേജനമേകും.
യുഎഇയിലെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ, തിരക്കേറിയ റോഡുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റൂട്ടുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഫുജൈറയിലെ സകാംകാം എന്നിവിടങ്ങളിലാണ് ആദ്യത്തെ മൂന്ന് സ്റ്റേഷനുകളുണ്ടാവുക.
ഈ വർഷം സേവനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് അസ്സ അൽ സുവൈദി പറഞ്ഞു. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ നിറവേറ്റും വിധമാണ് റെയിൽ ശൃംഖല രൂപകല്പന ചെയ്തിട്ടുള്ളത്. മെട്രോ, ബസ്, ടാക്സി എന്നീ പൊതുഗതാഗത മാർഗങ്ങളുമായും ഇത്തിഹാദ് സ്റ്റേഷനുകൾ ബന്ധിപ്പിക്കുന്നതിലൂടെ നഗരയാത്രകൾ കൂടുതൽ ആസ്വാദ്യകരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
അൽ സില, അൽ ദന്ന, അൽ മിർഫ, മദിനത്ത് സായിദ്, മെസൈറാ, അൽ ഫയാ, അൽ ദൈദ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറ അൽ ഹിലാൽ എന്നിവിടങ്ങളിൽ ഇത്തിഹാദിന് സ്റ്റേഷനുകളുണ്ടാകും.
11 നഗരപ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേഷനുകൾ വിവിധഘട്ടങ്ങളായാണ് തുറക്കുക. സുഖകരമായ യാത്രാനുഭവങ്ങൾ ലഭ്യമാക്കാൻ അത്യാധുനിക സൗകര്യങ്ങളും സേവനങ്ങളും ട്രെയിനുകളിൽ സജ്ജീകരിക്കുന്നുണ്ട്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളിൽ 400 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയും. അബുദാബി-ദുബായ് യാത്ര ഒരു മണിക്കൂറിലും അബുദാബി -ഫുജൈറ യാത്ര 90 മിനിറ്റിലും പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ് ക്ലാസ് കോച്ചിൽ 16 സീറ്റും ഇക്കണോമി ക്ലാസിൽ 56 സീറ്റുമുമുണ്ടാകും.
13 ട്രെയിനുകളിൽ 10 എണ്ണം പരീക്ഷിക്കുകയും ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും ഗുണനിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2030-ഓടെ പ്രതിവർഷം 3.65 കോടി യാത്രക്കാർക്ക് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം.

