സി കെ സുബൈര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവെച്ചു. മുസ്ലിംലീഗ് ദേശീയ നേത്യത്വം രാജി ചോദിച്ച് വാങ്ങുകയായിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനേത്തുടര്ന്നാണ് നടപടി.
സികെ സുബൈര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന പരാതി ലീഗ് നേത്യത്വത്തിന് ലഭിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള നിര്‍ദ്ദേശം നേത്യത്വം നല്കി. പിന്നാലെ ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് സുബൈര്‍ രാജികത്ത് കൈമാറി. ക്യത്യമായ കാരണം എന്താണെന്ന് ലീഗ്-യൂത്ത് ലീഗ് നേത്യത്വം വ്യക്തമാക്കിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍വെച്ച് നടന്ന ചില സംഭവവികാസങ്ങളാണ് രാജിയിലെത്തിച്ചതെന്നാണ് സൂചന. യൂത്ത് ലീഗ് ദേശീയ നേത്യത്വവുമായി ബന്ധപ്പെട്ട് ഉണ്ടായ കത്വ-ഉന്നാവോ ഫണ്ട് പിരിവ് വിവാദവുമായി രാജിക്ക് ബന്ധമില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

