സഊദിയില്‍ എയര്‍പോര്‍ട്ടിന് നേരെ ഹൂതി ആക്രമണം, 16 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

റിയാദ്: സഊദിയുടെ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലെ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോണാക്രമണത്തില്‍ 16 പേര്‍ക്ക് പരിക്ക് ഏറ്റു. ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്. ആക്രമണ സജ്ജമായെത്തിയ ഡ്രോണ്‍ സഖ്യ സേന തകര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് യാത്രക്കാര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവര്‍ മുഴുവന്‍ സാധാരണക്കാരാണ്. യമനിലെ സന്‍ആ എയര്‍പോര്‍ട്ടില്‍ നിന്നാണു ജിസാനു നേരെ ആക്രമണം ഉണ്ടായത്.
ജിസാനിലെ അല്‍ മബ്‌ഊജ് ഗ്രാമത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും അവ തകര്‍ന്നു വീണതായും സഖ്യ സേന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ആളപായമോ നാശ നഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സന്‍ആ വിമാനത്താവളത്തില്‍ നിന്നു തന്നെയാണ് ഈ ആക്രമണവും ഉണ്ടായത്. ഇതിന് തൊട്ടു പിന്നാലെയാണ് എയര്‍പോര്‍ട്ടിന് നേരെ നടന്ന ആക്രമണം പുറത്ത് വന്നത്.

