ഗസ്സയിലെ പ്രത്യേക കാൻസര്‍ ആശുപത്രിയും തകര്‍ത്ത് ഇസ്രായേല്‍; കരയാക്രമണ മറവില്‍ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാൻ നീക്കം

ഗസ്സാ സിറ്റി: ഗസ്സയില്‍ അവശേഷിക്കുന്ന പ്രത്യേക കാൻസർ ആശുപത്രിയും തകർത്ത് ഇസ്രായേല്‍ ക്രൂരത. തുർക്കിഷ്- ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലാണ് ഇസ്രായേല്‍ സേന തകർത്തത്.
ഇസ്രായേല്‍ നടപടി ഹീനമായ കുറ്റകൃത്യമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. നെറ്റ്സരിം ഇടനാഴിക്കു സമീപമാണ് കാൻസർ രോഗികള്‍ക്കുള്ള ഏക പ്രത്യേക ആശുപത്രിയായ തുർക്കിഷ്- ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് ആശുപത്രി.
ഇടനാഴി വികസിപ്പിക്കാനും കൂടുതല്‍ ബഫർ സോണ്‍ സൃഷ്ടിക്കാനുമുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകള്‍. ഗസ്സയിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പൊതു സംവിധാനങ്ങള്‍ക്കും ബോംബാംക്രമണങ്ങളില്‍ നിന്ന് രക്ഷ തേടി ആളുകള്‍ കഴിയുന്ന താത്ക്കാലിക ഷെല്‍ട്ടറുകള്‍ക്കും നേരെ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ തുടക്കം മുതലാരംഭിച്ച ഇടനാഴി വികസിപ്പിക്കല്‍ നീക്കത്തിന്റെ ഭാഗമായി കൂടുതല്‍ താമസ കെട്ടിടങ്ങള്‍ നശിപ്പിക്കുകയും പ്രദേശത്തെ കൂടുതല്‍ കൃഷിഭൂമികള്‍ ബുള്‍ഡോസർ ഉപയോഗിച്ച് നിരത്തുകയും ചെയ്തു.
ഇതിനിടെ, കരയാക്രമണത്തിന്റെ മറവില്‍ ഗസ്സയുടെയും വെസ്റ്റ് ബാങ്കിന്റേയും കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കവും ഇസ്രായേല്‍ നടത്തുന്നുണ്ട്. ബന്ദികളെ കൈമാറാൻ ഹമാസ് തയാറായില്ലെങ്കില്‍ ഗസ്സയില്‍ ആക്രമണം നടത്തി കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേലിന്‍റെ ഭാഗമാക്കി മാറ്റുമെന്നാണ് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെ ഭീഷണി. കടുംപിടിത്തം തുടർന്നാല്‍ ഗസ്സയ്ക്ക് കൂടുതല്‍ പ്രദേശങ്ങള്‍ നഷ്ടപ്പെടുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ദക്ഷിണ ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സലാഹുദ്ദീൻ, കറാമ, അല്‍ഔദ എന്നിവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാനാണ് നിർദേശം. പ്രദേശങ്ങളിലേക്ക് കരയുദ്ധം വിപുലപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കം. എന്നാല്‍ ഗസ്സയുടെയും വെസ്റ്റ് ബാങ്കിന്‍റേയും പ്രദേശങ്ങള്‍ ഇസ്രായേലിന്‍റെ ഭാഗമാക്കി മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയല്‍ ബറോട്ട് പറഞ്ഞു. ഇതിനിടെ, ദക്ഷിണ ഗസ്സയിലെ ഹമാസ് സൈനിക വിഭാഗം ഇന്‍റലിജൻസ് മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അറിയിച്ചു.
ഇന്നലെ ഗസ്സ സിറ്റിയില്‍ വീടിനു മേല്‍ ബോംബിട്ട് അഞ്ച് പേരെ ഇസ്രായേല്‍ കൊലപ്പെടുത്തി. തെക്കൻ ഗസ്സയിലെ റഫയിലും മധ്യ ഗസ്സയിലെ നെറ്റ്സരിമിലും ഷെല്ലാക്രമണവും ദേർ അല്‍ ബലാഗില്‍ വ്യോമാക്രമണമുണ്ടായി. രണ്ട് മാസം നീണ്ടുനിന്ന വെടിനിർത്തല്‍ മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് ഇസ്രായേല്‍ പുനരാരംഭിച്ച കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരില്‍ 200ലേറെ പേരും കുട്ടികളാണ്. 110 സ്ത്രീകളും കൊല്ലപ്പെട്ടു. നാലു ദിവസമായി തുടരുന്ന ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ ഇതിനോടകം 600ലേറെ പേരാണ് കൊല്ലപ്പെട്ടത്. 110 പേരാണ് കഴിഞ്ഞദിവസത്തെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത്.
അതേസമയം, യെമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണ ഭീഷണി ഇസ്രായേലിന്‍റെ ഉറക്കം കെടുത്തി. തുടർച്ചയായ മൂന്നാം ദിവസവും ഇസ്രായേലിനു നേർക്ക് ഹൂതി മസൈല്‍ ആക്രമണം നടന്നു. തെല്‍ അവീവ്, ജറൂസലം ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. തെല്‍ അവീവില്‍ ബെൻഗുരിയോണ്‍ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മണിക്കൂറുകള്‍ നിർത്തിവച്ചു.
ഹൂതികളെ നേരിടാൻ കാള്‍ വില്‍സണ്‍ എന്ന മറ്റൊരു യുദ്ധക്കപ്പല്‍ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാൻ യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ഇതിനിടെ, ഇസ്രായേല്‍ ആഭ്യന്തര അന്വേഷണ വിഭാഗമായ ഷിൻ ബെത് തലവനെ പുറത്താക്കിയ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ തീരുമാനം ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. ഇന്റലിജൻസ്- സുരക്ഷാ ഏജൻസി തലവൻ റോനൻ ബാറിനെയാണ് നെതന്യാഹുവിന്റെ നിർദേശപ്രകാരം പുറത്താക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

