KSDLIVENEWS

Real news for everyone

ദേശീയപാത ഒന്നാം റീച്ചിൽ വെളിച്ചം വിതറാൻ 3500 എൽഇഡി ലൈറ്റുകൾ

SHARE THIS ON

കാസർകോട്: ദേശീയപാത വികസനത്തിൽ തലപ്പാടി–ചെങ്കള റീച്ചിൽ വഴി വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. വൈദ്യുതി കണക്‌ഷൻ നൽകി പൂർണ സമയ പ്രവർത്തനക്ഷമമാക്കൽ പിന്നീടേ ഉണ്ടാവു. സൈൻ ബോർഡ് ഉൾപ്പെടെ സ്ഥാപിച്ച് മുഴുവൻ ജോലികൾ കഴിഞ്ഞ് മാത്രമായിരിക്കും കെഎസ്ഇബി ഫീഡർ വഴി കണക്‌ഷൻ എടുക്കാനുള്ള നടപടികളിലേക്ക് നീങ്ങുക. 

39 കിലോമീറ്റർ വരുന്ന ദേശീയപാത ഒന്നാം റീച്ചിൽ ആകെ 35 കിലോമീറ്ററിലാണ് തൂൺ സ്ഥാപിച്ച് വഴി വിളക്കുകൾ പ്രവർത്തിപ്പിക്കുന്നത്. ഇരു ഭാഗത്തും ഓരോ 40 മീറ്ററിലും ഒരു തൂൺ എന്ന കണക്കിൽ ആകെ 1750 തൂണുകൾ സ്ഥാപിക്കും. ഒരു തൂണിൽ 2 ലൈറ്റ് എന്ന ക്രമത്തിൽ 240 വാട്ടിന്റെ ആകെ 3500 എൽഇഡി ലൈറ്റുകൾ.ഇതിൽ നിന്ന് പ്രധാന പാതയിലേക്കും സർവീസ് റോഡിലേക്കും  വെളിച്ചം വിതറും.

പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധന പലയിടങ്ങളിലായി നടന്നു. 15 വർഷത്തേക്ക് വൈദ്യുതി ചാർജ് അടയ്ക്കുന്നത് ഉൾപ്പെടെയുള്ള റോഡിന്റെ മെയ്ന്റനൻസ് ചുമതല പാത നിർമാണ കമ്പനിക്കു തന്നെയാണ്. റോഡിലെയും പാലത്തിലെയും പണി മുഴുവൻ തീർത്ത് സൈൻ ബോർഡ് സ്ഥാപിക്കുന്ന ജോലി ഉൾപ്പെടെ കഴിഞ്ഞായിരിക്കും വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്ന നടപടികളിലേക്ക് നീങ്ങുക. 

കാസർകോട് നഗരത്തിലെ  1.2 കിലോമീറ്റർ മേൽപാലത്തിൽ ഇരുഭാഗത്തും 30 വീതം തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇരു ഭാഗത്തുമായി 120 എൽഇഡി ലൈറ്റുകൾ. ഇതിന്റെ പരീക്ഷണ പരിശോധന നടന്നു. 10 മീറ്റർ ഉയരമുള്ള തൂണിലാണ് ലൈറ്റുകൾ. പാലത്തിന്റെ ഏതാനും പണികൾ പൂർത്തിയാകാനുണ്ട്. വാഹനഗതാഗതത്തിന് മേൽപാലം അടുത്ത മാസാദ്യം തുറന്നു കൊടുക്കാനുള്ള നടപടികളിലാണ് അധികൃതർ. ഇതിനുള്ള വിവിധ പരിശോധനകൾ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!