ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണം: റോഡ് ഷോകള്‍ക്കും റാലികള്‍ക്കും വിലക്ക്

കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടങ്ങളില്‍ പൊതു റാലികള്‍, കാല്‍നടജാഥകള്‍, റോഡ് ഷോകള്‍ എന്നിവ കമ്മീഷന്‍ വിലക്കി. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പ്രചരണങ്ങള്‍ക്കായി 500 പേരില്‍ കൂടാതെയുള്ള യോഗങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. റാലികള്‍ സൂപ്പര്‍ സ്‌പ്രെഡറായി മാറിയേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് കമ്മീഷന്‍ നടപടിയെടുത്തത്.

