കാന്തപുരത്തിന്റെ ആത്മകഥ വിശ്വാസപൂർവ്വം ബുക്കിങ് കുമ്പോൽ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു

കാസറഗോഡ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ്വം’ പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ജില്ലാ തല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവ്വഹിച്ചു.
കേരളത്തിലെ മുസ്ലിം സാമൂഹിക സാംസ്കാരിക ചരിത്രങ്ങളിലേക്ക് കൂടുതൽ വെളിച്ചം നൽകുന്ന അനുഭവങ്ങളും രേഖകളുമുള്ള 400ൽ പരം പേജുള്ള ഉസ്താദിന്റെ ആത്മകഥയാണ് പുറത്തിറങ്ങുന്നത്.
സ്വാതന്ത്ര്യപൂർവ മലബാറിലെ സാമൂഹിക ജീവിതത്തിൽ രൂപപ്പെട്ട ബാല്യം, പഠനം, കുടുംബം, തന്റെ വളർച്ചയിലെ വിവിധഘട്ടങ്ങളിലെ നിർണായക അനുഭവങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാഭ്യാസ സംരംഭങ്ങൾ, യാത്രകൾ എന്നിവയെക്കുറിച്ചെല്ലാം ആത്മകഥയിൽ കാന്തപുരം ഉസ്താദ് ഓർത്തെടുക്കുന്നുണ്ട്.
മെയ് അവസാനവാരം പുസ്തകം പുറത്തിറങ്ങും. എസ് വൈ എസ് യൂണിറ്റുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് നടക്കുന്നത്.
ചടങ്ങിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, ക്യാബിനറ്റ് അംഗങ്ങളായ മൂസ സഖാഫി കളത്തൂർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

