അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മൊഴി: അച്ഛന്റെ സഹോദരൻ അറസ്റ്റിൽ

കോലഞ്ചേരി (എറണാകുളം): അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസിൽ കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സഹോദരനെയാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. തുടർന്ന് രാവിലെയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വീട്ടിനുള്ളിൽവെച്ചുതന്നെയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പുത്തൻകുരിശ് പോലീസാണ് കുട്ടിയുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെയും കുട്ടിയുടെ ബന്ധുക്കളിൽനിന്ന് ലഭിച്ച മൊഴിയുടേയും പശ്ചാത്തലത്തിലാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിലേക്ക് പോലീസ് അന്വേഷണം എത്തിച്ചേർന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്‍റെ സൂചനകൾ കണ്ടെത്തിയിരുന്നു.
പ്രതി കുറ്റം ഏറ്റുപറഞ്ഞതായാണ് പോലീസ് വ്യക്തമാക്കുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഓരോന്ന് ഏറ്റുപറഞ്ഞുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇയാൾ കുട്ടിയെ ഉപദ്രവിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കിയിട്ടില്ല. പരസ്പരവിരുദ്ധമായ കാരണങ്ങളായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇത് പോലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പീഡനവിവരം അമ്മ അറിഞ്ഞിരുന്നോയെന്നും ഇതും കൊലപാതകവും തമ്മിൽ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.